സിഡ്നി:മെല്‍ബണിന് സമീപം ബുധനാഴ്ച 6.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി.രാജ്യത്തെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണുണ്ടായതെന്ന് ജിയോസയന്‍സ് ആസ്ത്രേലിയ പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മെല്‍ബണില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും അയല്‍ സംസ്ഥാനങ്ങളിലുടനീളം ഭൂചലനത്തിന്റെ പ്രകമ്പ്‌നങ്ങളുണ്ടാവുകയും ചെയ്തു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ വിക്ടോറിയ സംസ്ഥാനത്തെ ഗ്രാമീണ പട്ടണമായ മാന്‍സ്ഫീല്‍ഡിന് സമീപം മെല്‍ബണിന് വടക്കുകിഴക്കായി 200 കിലോമീറ്റര്‍ (124 മൈല്‍), 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പിന്നാലെ 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോയിലും മെല്‍ബണിലെ പ്രധാന തെരുവുകളിലൊന്നില്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കിടക്കുന്നതായി കാണിക്കുന്നു. അതേസമയം, നഗരത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ആളുകള്‍ക്ക് വൈദ്യുതിയില്ലാതായെന്നും കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതായും റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നു.ദക്ഷിണ ആസ്ത്രേലിയ സംസ്ഥാനത്ത് പടിഞ്ഞാറ് 800 കിലോമീറ്റര്‍ (500 മൈല്‍) അഡലെയ്ഡ് നഗരത്തിലും ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് വടക്ക് 900 കിലോമീറ്റര്‍ (600 മൈല്‍) അകലെ സിഡ്നിയും വരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
മെല്‍ബണിന് പുറത്ത് നാശനഷ്ടങ്ങളോ പരിക്കുകളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ആസ്ത്രേലിയയിലെ 25 ദശലക്ഷം ജനസംഖ്യയുടെ പകുതിയിലധികവും അഡലെയ്ഡ് മുതല്‍ മെല്‍ബണ്‍ വരെ സിഡ്നി വരെ രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്താണ് താമസിക്കുന്നത്. ‘ഗുരുതരമായ പരിക്കുകളോ നാശനഷ്ടങ്ങളോ ഒന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അത് വളരെ നല്ല വാര്‍ത്തയാണ്.ഭൂചലനം ആസ്ത്രേലിയയിലെ വളരെ അപൂര്‍വമായ സംഭവങ്ങളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.