33.9 C
Kottayam
Monday, April 29, 2024

‘സ്ത്രീക്കൊപ്പമുള്ള ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി’: നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പ്,ഒരാള്‍ അറസ്റ്റില്‍ Mahant Narendra Giri

Must read

ന്യൂഡല്‍ഹി:അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തിന് കാരണമായത് സ്ത്രീക്കൊപ്പമുള്ള ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണി. മഹന്ദ് നരേന്ദ്രഗിരിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഈ വിവരമുള്ളത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു.

‘തന്റെയും മറ്റൊരു സ്ത്രീയുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ആനന്ദ് ഗിരി ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ അപമാനം തനിക്ക് താങ്ങാൻ കഴിയില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്ന് ആരോപിച്ചും നരേന്ദ്രഗിരിയുടെ അനുയായികളില്‍ ഒരു വിഭാഗം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പ്രയാഗ്‌രാജിലെ മഠത്തില്‍ നരേന്ദ്രഗിരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിത്.

ഏഴുപേജ് വരുന്നതാണ് നരേന്ദ്രഗിരിയുടെ ആത്മഹത്യാ കുറിപ്പ്. ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങളാണ് ആനന്ദഗിരിയുടെ അറസ്റ്റിലേക്ക് നയിച്ചത്. നരേന്ദ്രഗിരിയുടെ മറ്റൊരു അനുയായി അമിര്‍ഗിരി നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ആശ്രമവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

നരേന്ദ്രഗിരിയും ശിഷ്യന്മാരും തമ്മിലുള്ള തർക്കം തീർക്കാനുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ബിജെപി നേതാവ് സുശീൽ മിശ്ര, സമാജ് വാദി പാർട്ടി നേതാവ് ഇന്ദ്രപ്രകാശ് മിശ്ര, അഡീഷണൽ പൊലീസ് സൂപ്രണ്ട് ഒപി പാണ്ഡെ എന്നിവരിൽ നിന്ന് മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു. പ്രയാഗ് രാജിലെ മഠത്തിലെത്തിയ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week