കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി . ആദ്യഘട്ടത്തിൽ നൽകുന്ന 178 വീടുകൾ ആർക്കൊക്കെ എന്നത് കണ്ടെത്താനാണ് നറുക്കെടുപ്പ് നടത്തിയത്.പട്ടയവും വൈദ്യുതി കണക്ഷനും ഉൾപ്പെടെ ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകി. ഈ മാസം 25നാണ് വീടുകളുടെ താക്കോൽദാനം നടക്കുക. ഉറ്റവരെയും സമ്പാദ്യമായുണ്ടായിരുന്ന സർവവും ഉരുളെടുത്ത 178 പേരാണ് ഇന്ന് സ്വന്തം പേരില്‍ ഭൂമിയും വീടും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. വീടും 7 സെൻ്റ് സ്ഥലവും ആണ് ദുരന്ത്ബാധിതർക്ക് ലഭിക്കുക.
ദുരന്തിനുശേഷം സ്വന്തമായി ഒരു വീടെന്ന ആശ്വാസം യഥാര്‍ഥ്യമായതിന്‍റെ സന്തോഷകണ്ണീരായിരുന്നു പലരുടെയും മുഖത്ത്. നറുക്കെടുപ്പില്‍ വീട് കിട്ടിയ നിമിഷം ചിലര്‍ ഉറ്റവരെയോർത്ത് വിതുമ്പി. ജീവിതത്തിലേക്ക് തിരികെ വരുമ്പോള്‍ ഒപ്പം ആരുമില്ലെന്ന വേദനയെ മായക്കാൻ ഒന്നിനുമാകില്ലെന്ന് ചൂരൽമല സ്വദേശി വത്സല കണ്ണീരോടെ പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ പൂർണമായി നഷ്ടപ്പെട്ട ആദ്യ ലിസ്റ്റിലുള്ളവരെയാണ് ഈ ഘട്ടത്തിൽ പരിഗണിച്ചത്. മൂന്ന് സോണുകളിലെ പണി പൂർത്തിയായ വീടുകളുടെ നമ്പറുകൾ എഴുതിയ പേപ്പറുകൾ നറുക്കിട്ടാണ് ആർക്കൊക്കെയെന്നത് തീരുമാനിച്ചത്.നറുക്കെടുപ്പിലൂടെ വീട് കിട്ടിയവർക്ക് പട്ടയവും വൈദ്യുതി,കുടിവെള്ള കണക്ഷനും ഉൾപ്പെടെ പിന്നാലെ തന്നെ രജിസ്റ്റർ ചെയ്ത നൽകി. വേദിയിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലായിരുന്നു ഇതിനുള്ള സൗകര്യം.
വീട് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാത്തരം ഫീസുകളും ദുരന്തബാധിതർക്കായി സർക്കാർ ഒഴിവാക്കി നൽകിയിട്ടുണ്ട് . ദുരന്തത്തിൽ കടകളും സംരംഭങ്ങളും നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം വേദിയിൽ മന്ത്രി ഒ ആർ കേളു പ്രഖ്യാപിച്ചു.അതേസമയം ആദ്യഘട്ടത്തിൽ കൈമാറുന്ന വീടുകളിൽ പൂർണതോതിൽ താമസിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നതില്‍ ദുരന്തബാധിരില്‍ ആശങ്കയുണ്ട്.
ഇരുന്നൂറോളം വീടുകളുടെ നിർമ്മാണം ടൗൺഷിപ്പിൽ നടക്കുന്നതും കുടിവെള്ളം ,റോഡ് ,മാലിന്യ പ്ലാൻറ് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണം തുടരുന്ന സാഹചര്യത്തിലുമാണ് പൂർണ തോതില്‍ താമസിക്കാൻ ഇനിയും സമമെടുക്കുക. അടുത്ത മഴക്കാലത്തിന് അധികം സമയില്ലെന്നതിനാല്‍ പണി വേഗം പൂര്‍ത്തികരിക്കുമെന്ന പ്രതീക്ഷയിലാണ് ദുരന്തബാധിതർ.
കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് ഒരുങ്ങുന്നത്. രണ്ട് ബെഡ് റൂമുകളോട് കൂടിയ ആയിരം ചതുരശ്രയടി വീടാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. മൂന്ന് സോണുകളായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ആരോഗ്യ കേന്ദ്രം, പൊതു മാർക്കറ്റ് കമ്മ്യൂണിറ്റി സെൻറർ ഉൾപ്പെടെ ഉണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 64 ഹെക്ടർ ഭൂമിയാണ് ടൗൺഷിപ്പ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. അതിജീവനത്തിന് ശ്രമിക്കുന്ന ദുരന്തബാധിതർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് സർക്കാർ പ്രഖ്യാപനം എന്നാണ് ദുരന്തബാധിതരുടെ സംഘന നേരത്തെ പ്രതികരിച്ചത്.
The first phase of the lottery for the landslide survivors’ township has been successfully completed. In this initial stage, 178 families who lost their loved ones and belongings in the disaster were selected to receive new homes. Each beneficiary is allotted a house on 7 cents of land, with legal ownership (Title Deeds) and electricity connections already registered in their names. The official handover of the keys is scheduled for the 25th of this month, marking a significant step in their journey toward recovery and resettlement.


