ഇടുക്കി : മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു.
ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ വട്ടവട ഒറ്റപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും നിലവിൽ മഴക്ക് ശമനമുണ്ടെന്നുമാണ് ദേവികുളം തഹസിൽദാർ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്.
കോട്ടയത്ത് മഴയ്ക്ക് ശമനം
കോട്ടയത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം. പടിഞ്ഞാറൻ മേഖലകളിലെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലും വൈക്കം, ചങ്ങനാശേരി താലൂക്കിൽ നിരവധിയിടങ്ങളിലും വെള്ളം കയറി. ജില്ലയിൽ ആകെ 63 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.