23.9 C
Kottayam
Tuesday, May 21, 2024

പാറ കവചംപോലെ , ഉരുൾ ഗതിമാറി ഒഴുകി;ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Must read

കുടയത്തൂർ: ഒരു വലിയ ശബ്ദംകേട്ടു. വീടിന് പിന്നിൽ എന്തോ വന്നിടിക്കുന്നതു പോലെ തോന്നി. ഭയന്ന് മുറ്റത്തേക്ക് ഓടുമ്പോൾ ഷാജിദയ്ക്കും കുടുംബത്തിനും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. തങ്ങിനിന്ന കൂറ്റൻ കല്ലുകളിലും മരങ്ങളിലും തട്ടി ഉരുൾ ഗതിമാറിയതുകൊണ്ടു മാത്രമാണ് മൂന്ന് കുട്ടികളും ഒരു വൃദ്ധമാതാവും ഉൾപ്പെടെ ആറംഗ കുടുംബം ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. എന്നാൽ, അയൽവാസിയായ സോമന്റെ കുടുംബം മുഴുവൻ പോയതിന്റെ ഞെട്ടലിലും വേദനയിലുമാണ് ഇവർ.

സംഗമം ജങ്ഷന് മുകളിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പന്തപ്ലാവിലാണ് തോട്ടുങ്കരയിൽ ടി.പി.ഷാജിദയും കുടുംബവും താമസിച്ചിരുന്നത്. ദുരന്ത സമയത്ത് ഷാജിദയെ കൂടാതെ ഭർത്താവ് സലിം, മാതാവ് പരീതുമ്മ, മക്കളായ ആഷ്‌ന, ആഷ്മി, ആഷിൻ എന്നിവരും വീട്ടിൽ ഉണ്ടായിരുന്നു.

ഉരുളിന്റെ വഴിയിലെ ആദ്യ വീടായിരുന്നു ഇവരുടേത്. പാഞ്ഞെത്തിയ വലിയ പാറക്കല്ലുകൾ വീടിന് പിന്നിലെ മരങ്ങളെ കടപുഴക്കികൊണ്ട് മുന്നോട്ടുവന്നെങ്കിലും മരക്കുറ്റികളിൽ തങ്ങിനിന്നു. വലിയൊരു പാറ കവചംപോലെ നിന്നതിനാൽ ഉരുൾ ഗതിമാറി ഒഴുകുകയായിരുന്നു. അതിനാലാണ് ഷാജിദയുടെ വീടും താഴെയുള്ള നിരവധി വീടുകളും രക്ഷപ്പെട്ടത്.

ഉരുൾ ഗതിമാറി ഒഴുകിയെങ്കിലും വലിയ പാറക്കല്ലുകളും മരങ്ങളും വീടിന്റെ പിന്നിൽ വന്നിടിച്ചു. ശൗചാലയവും സമീപത്തെ താത്കാലിക ഷെഡും തകർന്ന് തരിപ്പണമായി. വീടിന്റെ ഷീറ്റുകളും പൊട്ടി. അപ്പോഴാണ് ഇവർ ഓടി പുറത്തിറങ്ങിയത്. മരങ്ങൾ ഒടിഞ്ഞുവീഴുന്നത് കണ്ടെങ്കിലും ഉരുൾപൊട്ടലാണെന്ന് മനസ്സിലായില്ല.

താഴെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയെങ്കിലും പിന്നീട് ഷാജിദ മുകളിലേക്ക് കയറിവന്നു. ടോർച്ച് തെളിച്ച് നോക്കിയപ്പോൾ സോമന്റെ വീടിന്റെ സ്ഥാനത്ത് മൺകൂനയാണ് കണ്ടത്.

മലയിൽനിന്ന് വീണ്ടും കല്ലുകൾ അടർന്നുവീഴാൻ സാധ്യതയുള്ളതിനാൽ ഷാജിദയെയും കുടുംബത്തേയും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. തിരികെ വന്നാലും വീട് വാസയോഗ്യമല്ലെന്ന് ഷാജിദ കണ്ണീരോടെ പറഞ്ഞു.

ഉരുൾ രണ്ടായിപ്പിരിഞ്ഞു, തങ്ങിനിന്നു; നാരാമംഗലത്ത് വീടിന് രക്ഷയായി

നാരാമംഗലത്ത് സോമന്റെയും മകൻ അശോകന്റെയും വീടിനെ ഉരുളിൽനിന്ന് തുണച്ചത് ഭാഗ്യമാണ്. ഉരുൾപൊട്ടിവന്ന മണ്ണും കല്ലും പാറകളുമെല്ലാം, അയൽവാസിയും ബന്ധുവുമായ ചിറ്റടിച്ചാലിൽ സോമന്‍റെ വീടിനെ ഇല്ലാതാക്കിയശേഷം പലതായി പിരിഞ്ഞുപോയി. അതിലൊരുഭാഗം ഇദ്ദേഹത്തിന്റെ പറമ്പിന്റെ അതിരിലെ െെകയാല തകർത്ത് വീടിനുപുറകിലൂടെ താഴേക്കുപോയി.

കുറച്ചുഭാഗം ഇവരുടെ വീടിന്റെ പിൻഭാഗത്ത് ഒരു സുരക്ഷാഭിത്തിപോലെ കുന്നുകൂടി. ബാക്കിയുള്ള കൂറ്റൻ കല്ലുകളുംമറ്റും താഴേക്കും വഴിമാറി. ഇവയെല്ലാം ഇപ്പോഴും അവിടെ തങ്ങിനിൽക്കുകയാണ്. അല്പം മാറിയാണ് ഉരുൾ വന്നതെങ്കിൽ, സോമന്റെ വീടിനൊപ്പം താഴെഭാഗത്തെ ആറോ ഏഴോ വീടുകൂടി തകർന്ന് വൻദുരന്തമാകുമായിരുന്നു. അശോകന്റെ ഭാര്യ ശാരിയും രണ്ട് കുഞ്ഞുമക്കളും അപകടസമയത്ത് വീട്ടിലുണ്ടായിരുന്നു.

രാത്രി 11 മണിയോടെയാണ് മഴ തുടങ്ങിയതെന്ന് നാരാമംഗലത്ത് സോമൻ. പുലർച്ചെ രണ്ടേമുക്കാൽ-മൂന്ന്‌ മണിയോടെ അശോകന്റെ വീടിന്റെ ഭാഗത്തുനിന്ന് വലിയൊരു സ്ഫോടനശബ്ദമാണ് കേട്ടത്. പുറത്തേക്കിറങ്ങി നോക്കിയപ്പോൾ വീട്ടുമുറ്റത്തുവരെ ചെളി നിറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week