ഇടുക്കി: മൂന്നാർ വട്ടവട റോഡിലെ പുതുക്കടിയിൽ വീണ്ടും ഉരുൾപൊട്ടി. ഇന്നലെ ഉരുൾപൊട്ടിയ സ്ഥലത്ത് തന്നെയാണ് ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ ഒരു വീട് ഭാഗീകമായി മണ്ണിനടിയിലായി. എന്നാൽ ആളപായമില്ല. സംഭവസ്ഥലത്ത് ഭൂമിക്കടിയിൽ നിന്നും ചില മുഴക്കം കേൾക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ദിവസം അർധരാത്രിയും വട്ടവട മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലാണ് ഇന്നലെ ഉരുൾപൊട്ടിയത്. രണ്ട് കടകളും ഒരു ക്ഷേത്രവും ഇന്നലെ മണ്ണിനടിയിലായിരുന്നു. രാത്രി ഒരു മണിയോടെയാണ് വട്ടവടയിൽ ഉരുൾപൊട്ടിയത്. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് നിന്നും 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നാണ് ആളുകളെ അങ്ങോട്ട് മാറ്റിയത്. മൂന്നാർ വട്ടവട സംസ്ഥാന പാതയും അപകടത്തിൽ തകർന്നിരുന്നു. അപകടത്തെ തുടർന്ന് ഒറ്റപ്പെട്ട നിലയിലാണ് വട്ടവട. ഈ ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. പെട്ടിമുടി ദുരന്തത്തിൻ്റെ ഒന്നാം വാർഷികത്തിലാണ് ദുരന്തമുണ്ടായത് എന്നത് ആളുകളെ വല്ലാതെ ഭീതിയിലാഴ്ത്തിയിരുന്നു.
നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള സംഭരണ ശേഷിയിലേക്ക് എത്തിയതോടെ രാവിലെ പത്തു മണിക്ക് ഇടുക്കി അണക്കെട്ട് തുറക്കും. തൊടുപുഴ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെൻറീമീറ്റർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുക്കും. റൂൾ കർവ് പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. 2383.53 അടിയാണ് ആണ് ഇടുക്കി അണക്കെട്ടിന്റെ വിലവിലെ അപ്പർ റൂൾ കർവ്. അണക്കെട്ട് തുറന്നാലും പെരിയാർ തീരത്തുള്ള വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ലാ ഭരണകൂടം കണക്കാക്കിയിരിക്കുന്നത്. മുൻകരുതൽ എന്ന നിലയിൽ പെരിയാർ തീരത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പുകൾ തുടങ്ങാൻ 23 സ്ഥലങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് എന്നീ വില്ലേജുകളിൽ അനൗൺസ്മെൻറും നടത്തി.
ഇടുക്കി ഡാം തുറക്കുന്നതിന്‍റെ ഭാഗമായി എറണാകുളത്ത് മുൻകരുതലുകള്‍ ഏര്‍പെടുത്തി. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. ഇടമലയാർ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. താലൂക്ക് തലത്തില്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സജ്ജമാണ്.