NationalNews

താജ്‌മഹൽ സ്ഥിതി ചെയ്യുന്ന ഭൂമി ജയ്‌പൂർ രാജകുടുംബത്തിന്റേത്;ഷാജഹാൻ ചക്രവർത്തി പിടിച്ചെടുത്തതാണെന്ന് ബി ജെ പി എംപി

യ്പൂര്‍: താജ് മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി യഥാര്‍ഥത്തില്‍ ജയ്പൂര്‍ രാജ കൂടുംബത്തിന്റെതായിരുന്നുവെന്നും ഇത് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പിടിച്ചെടുത്തതാണെന്നും രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ദിയ കുമാരി. താജ് മഹല്‍ നിര്‍മിച്ച ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. പഴയ ജയ്പൂര്‍ രാജകുടുംബത്തിലെ അംഗം കൂടിയാണ് രാജസ്ഥാനിലെ രാജ്‌സമന്ദ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ദിയ കുമാരി.

ഹിന്ദു വിഗ്രഹങ്ങളുടെയും പുരാണങ്ങളുടെയും സാന്നിധ്യം തിരിച്ചറിയാന്‍ താജ്മഹലിനുള്ളിലെ 20 മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ യുപിയില്‍ നിന്നുള്ള ബിജെപി നേതാവ് ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് ബിജെപി എംപിയുടെ പ്രതികരണം. താജ്മഹലിനുള്ളില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് അയോധ്യയിലെ ബിജെപി മാധ്യമ ചുമതല വഹിക്കുന്ന രജ്‌നീഷ് സിങാണ് നേരത്തെ കോടതിയെ സമീപിച്ചത്.

‘കേസ് ഇപ്പോള്‍ കോടതിയിലാണ്. താജ് മഹല്‍ ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമി തങ്ങളുടെതാണെന്ന് ഞാന്‍ പറയുന്നില്ല. അന്നത്തെ സാഹചര്യം എന്തായിരുന്നുവെന്ന് എനിക്കറിയില്ല. എന്നാല്‍ ഇതുസംബന്ധിച്ച തങ്ങളുടെ കൈവശമുള്ള രേഖകളോ മറ്റു തെളിവുകളോ കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കും’- ദിയ കുമാരി പറഞ്ഞു.

താജ് മഹലിനുള്ളില്‍ എന്തിനാണ് ഈ മുറികളെല്ലാം പൂട്ടിയിട്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയണം. ധാരാളം മുറികള്‍ സീല്‍ ചെയ്ത അവസ്ഥയിലാണ്. ഇതിനുള്ളില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.

‘താജ് മഹലിനുള്ളിലെ 20 ഓളം മുറികള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ആര്‍ക്കും ഇതിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. ഈ മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ഹിന്ദു ഗ്രന്ഥങ്ങളും ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്’ – കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച രജ്‌നീഷ് സിങ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button