ന്യൂഡല്‍ഹി: കോഴിക്കോട് മാവൂര്‍ റോഡിലെ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപത്ത് താമരശേരി റോമന്‍ കത്തോലിക്കാ രൂപത വാങ്ങിയ ഭൂമി, സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമയായ, ഉമാദേവി നമ്പ്യാര്‍ക്ക് മടക്കി നല്‍കാന്‍ സുപ്രീം കോടതി വിധി. ഉമാദേവി സഹോദരി റാണി സിദ്ധിന് നല്‍കിയ വില്‍പന വ്യവസ്ഥയില്ലാത്ത പവര്‍ ഓഫ് അറ്റോര്‍ണി പ്രകാരമായിരുന്ന ഭൂമിയുടെ കൈമാറ്റം എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഉത്തരവ്.
കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാനായ കെ പി നമ്പ്യാരുടെ ഭാര്യയായ ഉമാദേവി സഹോദരിക്ക് പവര്‍ ഓഫ് അറ്റോണി നല്‍കിയ ഭൂമി അവരറിയാതെ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രധാന വിധി. ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കുടുംബ ഓഹരിയില്‍നിന്ന് ലഭിച്ച സ്വത്തിന്റ ഇടപാടുകള്‍ നടത്തുന്നതിനായി 1971ല്‍ ഉമാ ദേവി ലണ്ടനിലേക്ക് പോകുന്നതിന് മുമ്പായാണ് സഹോദരി റാണി സിദ്ധനെ ചുമതലപ്പെടുത്തിയത്.
ഈ പവര്‍ ഓഫ് അറ്റോര്‍ണി 1985ല്‍ റദ്ദാക്കിയെങ്കിലും അതിന് മുമ്പ് റാണി സിദ്ധന്‍ ചില ഭൂമികള്‍ പലര്‍ക്കായി വിറ്റു. ഭൂമി വാങ്ങിയവരില്‍ ഒരാള്‍ മാവൂര്‍ റോഡിലെ വസ്തു താമശേരി റോമന്‍ കത്തോലിക്കാ രൂപതയ്ക്ക് വിറ്റു. സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തി. എന്നാല്‍ തന്റെ അറിവോടെയല്ല വില്‍പന നടന്നതെന്ന് ഉമാദേവി വാദിച്ചു.
വസ്തു പാട്ട കരാറിന് കൈമാറാനും, ഈട് വച്ച് കടം വായ്പ എടുക്കാനും മാത്രമേ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ റാണി സിദ്ധന് അധികാരം നല്കുന്നുള്ളുവെന്നും വില്‍പ്പനയ്ക്ക് ഉള്ള അധികാരം നല്‍കുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭൂമി വിറ്റ റാണി സിദ്ധന്റെ നടപടി തെറ്റാണെന്ന് കോടതി വിധിച്ചു.
ചിഹ്നങ്ങള്‍, വിരാമം എന്നിവ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ നിര്‍ണ്ണായകമാണ്. വില്‍പനാധികാരം കൂടിയുണ്ടെങ്കില്‍ അക്കാര്യം വ്യക്തമായിരിക്കണം. ആര്‍ക്കും ഉള്ളതില്‍ കൂടുതല്‍ നല്‍കാനില്ലെന്ന തത്വം ചൂണ്ടിക്കാട്ടിയ കോടതി രൂപതയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.