ലണ്ടന്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ യുകെയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യവസായിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് കുമാർ മോദി. യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാരനാണെന്നും ലളിത് മോദി പറഞ്ഞു. അന്താരാഷ്ട്ര കോടതിയും ഇന്റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു. തനിക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വ്യാജപ്രചരണങ്ങളാണ് നടത്തുന്നതെന്നും ലളിത് മോദി പറഞ്ഞു.
നിയമവ്യവസ്ഥയില്‍ നിന്ന് ഒളിച്ചോടിയ വ്യക്തിയാണ് താനെന്ന് ആവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധിയും സംഘവും. എപ്പോഴാണ് ആ കുറ്റങ്ങള്‍ക്ക് ഞാന്‍ ശിക്ഷിക്കപ്പെട്ടത്. രാഹുല്‍ ഗാന്ധിയെന്ന പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ പകപോക്കല്‍ നടത്തുകയാണ്. രാഹുല്‍ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും. തെളിവുകളുമായി അദ്ദേഹത്തിന് ഇവിടെ വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ലളിത് മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ ടാഗ് ചെയ്തുകൊണ്ടാണ് ട്വിറ്ററിലൂടെയുള്ള ലളിത് മോദിയുടെ പരാമര്‍ശങ്ങള്‍.
സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ 2010 മുതല്‍ ലണ്ടനിലാണ് ലളിത് മോദി. ബിസിസിഐയില്‍ നിന്ന് ആജീവനാന്ത വിലക്ക് ലളിത് മോദിക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധി എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം മോദി എന്ന പരാമര്‍ശം നടത്തിയത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി, ഇവരുടെ എല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെ. എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു. ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിലാണ് നാല് വര്‍ഷത്തിന് ശേഷം സൂറത്ത് കോടതി വിധി പറഞ്ഞതും, രാഹുലിന് തടവുശിക്ഷ വിധിച്ചതും.