കൊച്ചി:മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ചെറിയ കഥാപാത്രങ്ങളിലൂടെ അഭിനയിച്ച് തുടങ്ങി ഇപ്പോള്‍ നായിക വരെ എത്തി നില്‍ക്കുന്ന അനാര്‍ക്കലി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതേ സമയം നടിയുടെ ജനനത്തെ കുറിച്ച് അനാര്‍ക്കലിയുടെ അമ്മയും നടിയുമായ ലാലി പിഎം എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
മകള്‍ക്ക് ആശംസ അറിയിക്കുന്നതിനൊപ്പം അവളെ പ്രസവിക്കാനായി ആശുപത്രിയിലേക്ക് പോയത് മുതല്‍ അനാര്‍ക്കലിയ്ക്ക് ജന്മം കൊടുത്തത് വരെയുള്ള രസകരമായ കഥകളാണ് ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ ലാലി പങ്കുവെച്ചിരിക്കുന്നത്.
‘ഇങ്ങനെ കിടന്നാല്‍ ഒന്നും പോരാ നല്ലതുപോലെ നടക്കണം. എന്നാലേ പ്രസവിക്കു. ഇല്ലെങ്കില്‍ സിസേറിയന്‍ ചെയ്‌തെടുക്കേണ്ടി വരും.’ പറഞ്ഞ ഡേറ്റ് ആയിട്ടും വേദനയുടെ ഒരു ലാഞ്ചന പോലും ഇല്ലാതിരുന്നപ്പോള്‍ സിസ്റ്റര്‍ പറഞ്ഞു. എനിക്കാണെങ്കില്‍ സിസേറിയന്‍ വേണ്ട പ്രസവം മതി. വേദനയറിഞ്ഞ് പ്രസവിക്കാനുള്ള കൊതി കൊണ്ടൊന്നുമല്ല അങ്ങനെ പ്രസവിച്ചാലേ ഒരു അമ്മയാകൂ എന്ന തോന്നല്‍ കൊണ്ടുമല്ല.
ഗര്‍ഭം എട്ടുമാസം ആയപ്പോഴേ വയറിന്റെ വലിപ്പം കണ്ടു ഡോക്ടര്‍ പറഞ്ഞിരുന്നു സിസേറിയന്‍ വേണ്ടി വരുമെന്ന്’ അന്ന് തന്നെ അവിടുത്തെ നഴ്‌സിനോട് അന്വേഷിച്ചു സിസേറിയന്‍ ആണെങ്കില്‍ എത്ര രൂപ ബില്ല് വരും. പ്രസവം ആണെങ്കില്‍ എത്ര വരെ കുറയും? പ്രസവത്തേക്കാള്‍ മൂന്നിരട്ടിയിലും കൂടുതലായിരുന്നു അന്ന് സിസേറിയന്‍ ബില്ല് : കേട്ടപ്പോള്‍ തന്നെ തലകറങ്ങി. ഇത്രയും രൂപ എങ്ങനെ കൊടുക്കാനാണ്!
അത്രയൊന്നും ജോലിയില്ലാതിരുന്ന സമയമാണ്. പലപ്പോഴും ഒരു കല്യാണത്തിന്റെ വര്‍ക്ക് കിട്ടിയാല്‍ അതിന്റെ പൈസ വെച്ച് ദിവസങ്ങളോളം ജീവിക്കണം. പിന്നെന്താ! നടപ്പ് തന്നെ നടപ്പ്. ഏഴാം തീയതി മുഴുവനും നടന്നു. രാത്രി ആയപ്പോള്‍ ഇന്നിനി പ്രസവം കാണില്ല എന്ന് പറഞ്ഞു കൂട്ടുകാരനും ഉമ്മയും തിരിച്ചു വീട്ടില്‍ പോയി. അങ്ങനെ നടന്നുനടന്ന് എപ്പോഴോ വന്നു കിടന്ന് ഒരു ഉറക്കം കഴിഞ്ഞപ്പോഴാണ് നൈറ്റിയും പാവാടയും ഒക്കെ നനഞ്ഞു കുതിര്‍ന്നത്.
പിന്നെ ആകെ ബഹളമായി. ലേബര്‍ റൂമില്‍ കൊണ്ടുപോയി. പെയിന്‍ വരാന്‍ കുത്തി വെച്ചെങ്കിലും പെയിന്‍ വന്നുവെങ്കിലും അവള്‍ക്ക് പുറത്തേക്ക് വരാന്‍ ഒരു പ്ലാനും ഉണ്ടായിരുന്നില്ല. ഞാനെന്റെ പരമാവധി ശ്രമിച്ചു. സിസ്റ്ററും ഡോക്ടര്‍ എല്ലാം പറയുന്നു അമര്‍ത്തി മുക്കാന്‍. ഞാനാണെങ്കില്‍ മുക്കലോട് മുക്കലാണ്. എനിക്ക് എങ്ങനെയെങ്കിലും പ്രസവിച്ചാല്‍ മതി. കാരണം നിയാസിന് സാമ്പത്തിക ബാധ്യത ഉണ്ടാവരുതല്ലോ.
അവസാനം ഡോക്ടര്‍ പറഞ്ഞു ഓപ്പറേഷനെ മാര്‍ഗ്ഗമുള്ളൂ . കുട്ടിയുടെ കഴുത്തില്‍ പൊക്കിള്‍ കൊടി കുരുങ്ങിയിരിക്കുകയാണ്. അങ്ങനെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കൊണ്ടുപോകുമ്പോഴാണ് നിയാസിനെ പുറത്ത് കണ്ടത്. ആ ട്രോളിയില്‍ കിടന്നു കൊണ്ട് തന്നെ ഞാന്‍ പറഞ്ഞു ‘|ഞാന്‍ ഒത്തിരി ശ്രമിച്ചു കേട്ടോ പ്രസവിക്കാന്‍ ഒന്നും നടന്നില്ല.’ എന്ന്. ശ്ശെ! അതൊന്നും കുഴപ്പമില്ലന്നേ… പുള്ളി ആശ്വസിപ്പിച്ചു..
അങ്ങനെ എന്റെ അടിവയര്‍ കീറി മൂന്നര കിലോയും മുടി തീരെയില്ലാത്ത വലിയ തലയുമായി അന്നക്കിളി പിറന്നു. ആണ്‍കുട്ടിയായിരിക്കുമെന്ന് എന്റെ വയറിന്റെയും മുഖത്തിന്റെയും ലക്ഷണംകണ്ടവരെല്ലാം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. അവരുടെ പ്രവചനങ്ങളെ എല്ലാം അതിവിദഗ്ധമായി പറ്റിച്ച് അവള്‍ ഒരു പെണ്‍കുട്ടിയായി ജനിച്ചു. തീര്‍ച്ചയായും എന്റെ മനസ്സിലും ഉണ്ടായിരുന്നു വല്ലാത്തൊരു വേദന.
എന്റെ മാതൃകാ കുടുംബ സങ്കല്‍പത്തില്‍ എപ്പോഴും ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. എനിക്ക് എന്തുകൊണ്ട് ഒരു ആണ്‍കുട്ടി ഉണ്ടായില്ല എന്ന് വല്ലാതെ ചങ്ക് പിടയുമായിരുന്നു കുറേ ദിവസത്തോളം. ഫെബ്രുവരി 8 വെളുപ്പാന്‍ കാലത്ത് മൂന്ന് മണിക്ക് അവളുടെ ജന്മദിനമാണ്.. അവള്‍ ഒരു നല്ല കുട്ടിയായാണ് വളര്‍ന്നത് എന്ന് ഉമ്മ എന്ന അതി വൈകാരികതകളൊന്നുമില്ലാതെ എനിക്ക് പറയാന്‍ പറ്റും. അവള്‍ ഒരു ആണ്‍കുട്ടി ആകാതിരുന്നത് നന്നായി എന്നും…’, ലാലി കുറിപ്പ് അവസാനിപ്പിക്കുന്നു.
എറണാകുളത്തെ കുഞ്ഞാലൂസിലാണ് 1997 ല്‍ അവള്‍ ജനിച്ചത്. 15500 ആയിരുന്നു ഹോസ്പിറ്റല്‍ ബില്ല്. പ്രസവിക്കാന്‍ വെറും 4000 രൂപ മതിയായിരുന്നു.. എന്നും കമന്റില്‍ നടി സൂചിപ്പിച്ചിരുന്നു.