കൊച്ചി:മലയാള സിനിമയിലെ പ്രമുഖ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. മീശ മാധവൻ, ചാന്തുപൊട്ട് തുടങ്ങിയ ഹിറ്റ് സിനിമകൾ ചെയ്ത ലാൽ ജോസിന് പക്ഷെ കഴിഞ്ഞ കുറേ വർഷങ്ങളായി കരിയറിലിത് മോശം സമയമാണ്. അടുത്തിടെ പുറത്തിറങ്ങിയ ലാൽ ജോസിന്റെ ഒരു സിനിമയും വിജയം കണ്ടില്ല. ഒരു കാലത്തെ ഹിറ്റ് സംവിധായകൻ ഇന്ന് സോഷ്യൽ മീഡിയയിലും വിമർശിക്കപ്പെടുന്നു.
അതേസമയം കരിയറിലെ തുടക്ക കാലത്ത് ചില പരാജയങ്ങൾ ലാൽ ജോസിനുണ്ടായിട്ടുണ്ട്. ഇതിലൊന്നായിരുന്നു 2001 ലിറങ്ങിയ രണ്ടാം ഭാവം. സുരേഷ് ഗോപി നായകനായ സിനിമയെക്കുറിച്ച് മുമ്പൊരിക്കൽ ലാൽ ജോസ് സംസാരിച്ചിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെയെന്ന പ്രോഗ്രാമിലായിരുന്നു ഇത്.
‘രണ്ടാം ഭാവം എന്ന സിനിമ വലിയ പരാജയമായി. എന്റെ കരിയറിൽ ഇടയ്ക്കിടെ ഞാൻ കേൾക്കുന്ന കമന്റുണ്ട്, നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല സിനിമ രണ്ടാം ഭാവമായിരുന്നെന്ന്. എനിക്ക് ഭയങ്കര ദേഷ്യം തോന്നും. ഈ പഹയൻമാർ അന്ന് തിയറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ എന്റെ സിനിമ പരാജയപ്പെടില്ലായിരുന്നു. ഒരുപാട് അധ്വാനിച്ച സിനിമയായിരുന്നു’
‘പിന്നീട് പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ന്യൂ ജനറേഷൻ സിനിമകളിൽ കണ്ട പല കാര്യങ്ങളും രണ്ടാം ഭാവം എന്ന സിനിമയിൽ കണ്ടിരുന്നു. അത് മാത്രമായിരുന്നു എന്റെ ആശ്വാസം. കാരണം പത്ത് വർഷങ്ങൾക്ക് മുമ്പ് കാലം തെറ്റി വന്ന സിനിമയായി. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ചിലത് രണ്ടാം ഭാവം എന്ന സിനിമയിലുണ്ടായിരുന്നു’
‘ലാൽ ജോസ് എന്ന സംവിധായകന്റെ കഥ കഴിഞ്ഞു എന്ന് തീരുമാനിക്കപ്പെട്ട സിനിമ. എന്റെ കരിയറിലെ ആദ്യത്തെ സിനിമ ഹിറ്റായി. രണ്ടാമത്തെ സിനിമ ആവറേജ് വിജയമായി. മൂന്നാമത്തെ സിനിമ ഫ്ലോപ്പായി. താഴോട്ടുള്ള ഗ്രാഫ് കരിയറിന് സംഭവിച്ചു. പത്രങ്ങളിൽ നിരൂപണമെഴുതുന്നവർ ഒരു ടീമിന്റെ മൊത്തം പരാജയമായി അതിനെ ചിത്രീകരിച്ചു. അതിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് തിരക്കഥാകൃത്ത് രജ്ജൻ പ്രമോദായിരുന്നു’
‘പ്രമോദിന്റെ തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയാണ് ആ സിനിമ അങ്ങനെയാവാൻ കാരണമെന്ന് പറഞ്ഞ് നിരൂപണങ്ങൾ വന്നു. ആ സിനിമയ്ക്ക് എന്തെങ്കിലും പരാജയം പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാ ഉത്തരവാദിത്വവും എനിക്കാണെന്ന് ഞാനെരു പത്രത്തിൽ പറഞ്ഞു. കാരണം സംവിധായകന്റേതാണ് സിനിമയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഓക്കെയാണെന്ന് പറഞ്ഞ സീനുകളാണതിൽ ഉണ്ടായിരിക്കുന്നത്. മറ്റാരുടെയും പരാജയമല്ല എന്റെ പരാജയമാണെന്ന് ഇന്റർവ്യൂയിൽ പറഞ്ഞു’
‘പക്ഷെ അത് പറയുമ്പോൾ ഉള്ളിലിരുന്ന് ഒരാൾ കരയുന്നുണ്ട്. ഇനിയാെരു സിനിമ ചെയ്യാൻ ഭാഗ്യമുണ്ടെങ്കിൽ അത് ഇതേ ടീമിനെ വെച്ചായിരിക്കുമെന്ന്. രഞ്ജൻ സ്ക്രിപ്റ്റെഴുതി, എസ് കുമാർ സാർ ക്യാമറ ചെയ്ത്, വിദ്യാസാഗർ മ്യൂസിക് ചെയ്തുള്ള സിനിമ. രണ്ടാം ഭാവം എന്ന സിനിമയുടെ പരാജയത്തിന് ശേഷം വല്ലാതെ ഉൾവലിഞ്ഞ് വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുന്ന അവസ്ഥയിലേക്ക് പോയി’
‘എന്റെ മാറ്റം അപ്പച്ചനും നോക്കുന്നുണ്ടായിരുന്നു. നീ വിഷമിക്കേണ്ട, ഇനിയൊരു പരീക്ഷണത്തിന് സമയം കളയാനുണ്ടോ രണ്ട് പെൺകുട്ടികളാണ് പ്രായം കൂടുന്നു, വിദേശത്തേക്ക് നോക്കാമെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് നോക്കാമെന്ന് ഞാൻ,’ ലാൽ ജോസ് പറഞ്ഞു. മ്യാവൂ, സോളമന്റെ തേനീച്ചകൾ എന്നിവയായിരുന്നു ലാൽ ജോസ് അടുത്തിടെ സംവിധാനം ചെയ്ത് സിനിമകൾ. രണ്ട് സിനിമകളും ശ്രദ്ധ നേടിയില്ല. സോഷ്യൽ മീഡിയയിലെ സിനിമാ നിരൂപകർക്കെതിരെ ലാൽ ജോസ് അടുത്തിടെ നടത്തിയ പ്രസ്താവന ചർച്ചയായിരുന്നു.