‘ഞങ്ങളുടെ വീട്ടിൽ രണ്ട് മതങ്ങളും ബ്ലെൻഡാണ്, പൂജ മുറിയിൽ രണ്ട് ദൈവങ്ങളുടേയും ചിത്രങ്ങളുണ്ട്’; ചന്ദ്രയും ടോഷും
കൊച്ചി:മിനിസ്ക്രീൻ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും ഒരു വർഷം മുമ്പാണ് വിവാഹിതരായത്. സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു.
പരമ്പരയിലെ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മണ്‍ അവതരിപ്പിക്കുന്ന സുജാതയും യഥാര്‍ത്ഥ ജീവിത്തിലും ഒന്നാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്‍കിയിരുന്നു.
വളരെ സ്വകാര്യമായി നടത്തിയ വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം.
ഒരേ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾ പ്രത്യേകിച്ചും സിനിമ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നർ ജീവിതത്തിൽ ഒന്നിക്കുന്നത് വലിയ കാര്യമല്ല. എന്നാൽ ഒരിക്കൽ പോലും ഒരുമിച്ചഭിനയിക്കാത്തവർ സ്ക്രീനിലെ പ്രണയ ജോഡികൾ ആവുകയും ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തുകയും ചെയ്യുന്നവർ വിരളമായിരിക്കും.
അത്തരത്തിൽ ഉള്ള രണ്ടുപേരാണ് ചന്ദ്രയും ടോഷും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സ്വന്തം സുജാത സീരിയൽ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ചക്രം അടക്കമുള്ള സിനിമകളിൽ അഭിനയിച്ച് ചന്ദ്ര വളരെ വർഷങ്ങളായി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ്.
ഇപ്പോൾ ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്. ഇരുവരും മകന്റെ കാര്യങ്ങൾ നോക്കുന്നതിനും സീരിയൽ ഷൂട്ടിങിന് പോകുന്നതിനുമെല്ലാമായി എറണാകുളത്ത് വീടെടുത്ത് താമസിക്കുകയാണ്. ചെന്നൈയിലാണ് ചന്ദ്രയുടെ വീട്.
കുന്നംകുളത്താണ് ടോഷ് ക്രിസ്റ്റിയുടെ വീട്. തങ്ങൾ രണ്ട് മതത്തിൽപ്പെട്ടവരാണെങ്കിൽ കൂടിയും തങ്ങളുടെ വീട്ടിൽ രണ്ട് മതങ്ങളും ബ്ലെൻഡാണ് എന്നാണ് ചന്ദ്രയും ടോഷ് ക്രിസ്റ്റിയും ഇന്ത്യഗ്ലിറ്റ്സിന്റെ ഹോം ടൂർ സെഗ്മെന്റിൽ വീട് പരിചയപ്പെടുത്തി പറഞ്ഞത്.
‘ശരിക്കും ഒരു വീടെന്ന് പറയുമ്പോൾ ഒന്നുകിൽ ചെന്നൈയിലേക്കോ അല്ലെങ്കിൽ കുന്നംകുളത്തേക്കോ പോകണം. ഇത് ഇപ്പോൾ ജോലിക്കും മറ്റുമായി താൽക്കാലികമായി എറണാകുളത്ത് എടുത്ത വീടാണിത്. വീട് എടുക്കുമ്പോൾ ആംപിയൻസ് ഞങ്ങൾക്ക് ഇംപോർട്ടന്റാണ്.’
‘നേരത്തെ തന്നെ ഇവിടെ ഒരുപാട് ചെടികളുണ്ടായിരുന്നു. പിന്നെ ഞങ്ങൾ കുറച്ച് കൊണ്ടുവന്നു. ഞങ്ങളുടെ വീട്ടിൽ കല എപ്പോഴും ഉണ്ട്. ഞങ്ങൾ രണ്ടുപേരും ആർട്ടിസ്റ്റുകളാണ്. എന്റെ അമ്മ മ്യൂറൽ പെയിന്റിങ് ചെയ്യുന്നയാളാണ്. ഞാനും ടോഷേട്ടനും കുറച്ചൊക്കെ വരയ്ക്കും. വരയ്ക്കാൻ അത്ര പേഷ്യൻസ് എനിക്കില്ല.’
‘അമ്മ ചെയ്ത പെയിന്റിങുകൾ നിരവധി വീട്ടിലുണ്ട്. അമ്മ വീണയും വായിക്കും. നൂറ് വർഷത്തിലധികം പഴക്കമുള്ള വീണ അമ്മയുടെ കൈയ്യിലുണ്ട്. ഞങ്ങളുടേത് മിശ്രവിവാഹമാണ്. ഞാൻ ഹിന്ദുവാണ്. ടോഷേട്ടൻ ക്രിസ്ത്യനാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ വീട്ടിൽ രണ്ട് മതങ്ങളും ബ്ലെൻഡാണ്. പൂജ മുറിയിൽ രണ്ട് ദൈവങ്ങളുടേയും ചിത്രങ്ങളും രൂപങ്ങളും വെച്ചിട്ടുണ്ട്.’
’ഗണപതി എന്റെ ഫേറവേറ്റാണ്. ഗണപതിയെ ഒരുപാട് പേർ ഗിഫ്റ്റായി തന്നിട്ടുണ്ട്’ ചന്ദ്ര വീട് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. 2002ല്‍ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര സിനിമയിലെത്തുന്നത്. സ്റ്റോപ്പ് വയലന്‍സ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി.
ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, പച്ചക്കുതിര, പായും പുലി, കാക്കി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. നിരവധി ഹിറ്റ് പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചന്ദ്ര അവതരിപ്പിച്ചിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് ടോഷ് ക്രിസ്റ്റി ശ്രദ്ധനേടിയത്. ഇരുവർക്കും സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്. ഏക മകന് അയാൻ എന്നാണ് ഇരുവരും പേരിട്ടിരിക്കുന്നത്. മകന്റെ വീഡിയോയും ചിത്രങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്.