KeralaNews

യൂസഫലിയുടെ മൊഴി:ആശയക്കുഴപ്പം; നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: വടക്കാ‍ഞ്ചേരി ലൈഫ് മിഷൻ കമ്മിഷൻ കള്ളപ്പണ ഇടപാട്, നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കള്ളപ്പണ ഇടപാട് കേസുകളിൽ പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ മൊഴി രേഖപ്പെടുത്തുന്നതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടി.

കേസുമായി ബന്ധപ്പെട്ടു മൊഴി നൽകാൻ ഈ മാസം ഒന്നിനും 8നും ഇഡി നോട്ടിസ് നൽകിയെങ്കിലും അസൗകര്യം അറിയിച്ചിരുന്നു. മൂന്നാം തവണ വീണ്ടും നോട്ടിസ് നൽകുന്നതിനു മുന്നോടിയായാണ് നിയമോപദേശം തേടിയത്. ദേശസുരക്ഷയുമായി നേരിട്ടു ബന്ധമുള്ള കേസിൽ പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങളോട് അങ്ങേയറ്റം എതിർപ്പുള്ളയാളെന്നു പ്രതികൾ തന്നെ വിശ്വസിക്കുന്ന യൂസഫലിയുടെ മൊഴികൾ കേസന്വേഷണത്തിന് ഏറെ നിർണായകമാണെന്നാണ് ഇഡിയുടെ നിലപാട്. 

മൊഴിയെടുക്കാൻ ഇഡി വിളിപ്പിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇതെക്കുറിച്ചുള്ള കുത്തിത്തിരിപ്പുകളെ ഭയമില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. അന്വേഷണങ്ങളിൽ സഹകരിക്കുന്നതിൽ ലുലു ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മൊഴി ആവശ്യപ്പെട്ടാൽ നൽകും. 

യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ 20 കോടി രൂപയുടെ സഹായം ലൈഫ് മിഷനു കൈമാറിയ പ്രതിനിധി സംഘത്തിൽ യുഎഇ ചേംബർ ഓഫ് കൊമേഴ്സ് ഉപാധ്യക്ഷൻ എന്ന നിലയിൽ യൂസഫലിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി വിവരങ്ങൾ തേടുന്നത്. 

സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും ഇ ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു. 

ലൈഫ് മിഷൻ കേസിലേത് അടക്കമുള്ള ആരോപണങ്ങൾ തള്ളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി രംഗത്ത്. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലൈഫ് മിഷൻ അഴിമതി കേസിൽ ഇഡി സമൻസ് അയച്ചോ എന്ന ചോദ്യത്തിന് ദുബായിൽ മറുപടി പറയുകയായിരുന്നു യൂസഫലി. 

സമൻസ് സംബന്ധിച്ച കാര്യങ്ങൾ വാർത്ത നൽകിയവരോട് ചോദിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നവർക്കൊന്നും മറുപടി പറയുന്നില്ലെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ഇത്തരത്തിൽ പലതും കേൾക്കേണ്ടി വരും. വിമർശനങ്ങൾ കേട്ട് പിന്തിരിയുന്ന ആളല്ല താൻ എന്നും അദ്ദേഹം ദുബായിൽ പറഞ്ഞു.

എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമെന്ന് ടിഎൻ പ്രതാപൻ എംപി. നിരാലംബരായ അനേകായിരങ്ങൾക്ക് കൈത്താങ്ങായി ഒരു പച്ചമനുഷ്യൻ. വർഷങ്ങളായി എത്രയോ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ ഒരുക്കിയ അതുവഴി എണ്ണമറ്റ കുടുംബങ്ങൾക്ക് ആശ്വാസമേകിയ ഒരു മനുഷ്യനാണ് അദ്ദേഹം.

യൂസഫലി മലയാളിയുടെ അഭിമാനമാണ് എന്നും രാജ്യത്തിന്റെ പുരോഗതിയും തൊഴിൽ സംരംഭങ്ങളുടെ സാധ്യതകളും മുൻനിർത്തി വിവേചനങ്ങളില്ലാതെ ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും ടിഎൻ പ്രതാപൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

എം എ യൂസഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ഒരു കേരളീയനായ യൂസഫലി ലേകത്താകമാനം അറിയപ്പെടുന്ന വ്യവസായ വ്യപാര ശൃംഖലയുടെ തലവനാണ്. അദ്ദേഹത്തിന്റെ ലുലു ഗ്രൂപ്പ് ലോകപ്രശസ്തമാണ്. പതിനായിരക്കണക്കിന് മലയാളികള്‍ക്ക് കേരളത്തിനകത്തും രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും ജോലി നല്‍കുന്ന വലിയ ഒരു സംരംഭകനാണ് അദ്ദേഹം. ലുലുവിലൂടെ നിരവധിയായ വ്യാപാരങ്ങളും കച്ചവടങ്ങളും കേരളത്തിലുണ്ടാകുന്നു.

യൂസഫലിയെ പോലെ ഒരു മലയാളി വ്യാപാര വ്യവസലായ മേഖലയില്‍ ലോകപ്രശസ്തമായത് എല്ലാ മലയാളികളും അഭിമാനത്തോടെയാണ് കാണുന്നത്. മാത്രമല്ല കേരളത്തിനെയും ഇവിടുത്തെ ജനങ്ങളേയും തന്റെ പരമാവധി സേവിക്കുകയും കേരളത്തിനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ആളാണ് യൂസഫലി. ഏത് ഭരണമായാലും അവരോട് സഹകരിച്ചും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും നാടിനെ അഭിവൃദ്ധിപ്പെടുത്താന്‍ അദ്ദേഹം അദ്ദേഹത്തിന്റേതായ പങ്ക് നിര്‍വഹിക്കുന്നുണ്ടെന്ന് ഇപി പറഞ്ഞു.

ഇത്തരത്തില്‍ ലോകശ്രദ്ധയില്‍ നില്‍ക്കുന്ന വ്യക്തികളെ പൊതുസമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. നിലവില്‍ ഇവിടെ അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ല. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണത എന്തെന്നാല്‍, രാഷ്ട്രീയ രംഗത്ത് വിരോധവും വിദ്വേഷവും  പകയും ശത്രുതയും വെച്ച് എന്തും പറയാം എന്തും ആരോപിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു എന്നതാണ്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കള്ളപ്രചരണങ്ങളും നടത്തി വിവാദങ്ങള്‍ ഉണ്ടാക്കി എല്ലാ ഗുണപരമായ കാര്യങ്ങളേയും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തുരങ്കംവെച്ചുുള്ള സങ്കുചിതമായ രീതിയിലേക്ക് രാഷ്ട്രീയത്തെ ചില കൂട്ടര്‍ മാറ്റുന്നു.  അത്തരത്തില്‍ രാഷ്ട്രീയ രംഗത്തെ ബാധിച്ച ഈ ജീര്‍ണ്ണത വ്യവസായ രംഗത്തേയും ബാധിക്കുകയാണ്.

ഇത് കേരളത്തില്‍ ദൂരവ്യാപകമായ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കും. കേരളത്തിലെ വ്യാപാര വ്യവസായ മേഖലയേയും ടൂറിസം ഉള്‍പ്പടെയുളള അനുബന്ധ മേഖലകളേയും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നല്ലതുപോലെ ബാധിക്കും. ലോകപ്രശസ്തരായ, വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരെ അപകീര്‍ത്തിപ്പെടുത്തുക വഴി അദ്ദേഹത്തിന്റെ സംരംഭങ്ങളെ മാത്രമല്ല, കേരളത്തിലേക്ക് കടന്നുവരുന്ന നിക്ഷേപകരേയും നിരുത്സാഹപ്പെടുത്തുന്നതിന് ഇടയാക്കും.

കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ലോകത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള സഹായം ഇല്ലാതാകും. ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്. ശരിയും ന്യായവും സത്യവും നീതിയും കാത്തുസൂക്ഷിക്കാനാണ് സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധരാകേണ്ടത്. അതിനാല്‍ ഇപ്പോള്‍ പടച്ചുവിടുന്ന ആരോപണങ്ങളുടെ ഭാഗമായി സര്‍ക്കാരുകള്‍ ഒരു നിലപാടും സ്വീകരിക്കരുത് എന്ന് മാത്രമല്ല ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുകയുമരുത്. എം എ യൂസഫലിയെ പോലെയഉള്ള മഹത് വ്യകതിത്വങ്ങളെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള ഒരു നിലപാടുകളും ഉണ്ടാകരുത് എന്നാണ് ഈ കാര്യങ്ങള്‍ കാണുമ്പോള്‍ നിരീക്ഷിക്കാനാകുന്നതെന്നും ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker