തിരുവനന്തപുരം: പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ വിസമ്മതിച്ചതിന് തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ച കേസിൽ മുഖ്യപ്രതി ലക്ഷ്മി പ്രിയയുടെ കുടുംബം ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് ആരോപണം. മർദനമേറ്റ യുവാവിന്റെ പിതാവാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേസിൽ മുഖ്യപ്രതിയായ ലക്ഷ്മി പ്രിയ അറസ്റ്റിലായതിന് പിന്നാലെ യുവതിയുടെ പിതാവ് ഫോണിൽ വിളിച്ച് ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നെന്ന് യുവാവിന്റെ പിതാവ് പറയുന്നു.
കേസ് പിൻവലിച്ചാൽ പത്ത് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞു. പ്രതികൾ ശിക്ഷിക്കപ്പെടും വരെ കേസുമായി മുന്നോട്ട് പോകുമെന്നും പിതാവ് പ്രതികരിച്ചു.
ചെറുന്നിയൂർ സ്വദേശിയായ ലക്ഷ്മി പ്രിയയുമായി മർദ്ദനമേറ്റ വർക്കല അയിരൂർ സ്വദേശിയായ യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ, കൊച്ചിയിൽ പഠിക്കാൻ പോയ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ശ്രമിച്ചു. എന്നാൽ, യുവാവ് അതിന് തയാറായില്ല. തുടർന്ന് ഇപ്പോഴത്തെ കാമുകനൊപ്പംചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഈ മാസം അഞ്ചിനായിരുന്നു സംഭവം. യുവാവിനെ തന്ത്രപൂർവം കാറിൽ കയറ്റിക്കൊണ്ടുപോയി. കുറച്ചു ദൂരം പോയശേഷം മറ്റ് രണ്ട് പേർ കൂടി കാറിൽ കയറി. തുടർന്ന് യുവാവിനെ കാറിലിട്ട് മർദ്ദിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആലപ്പുഴയെത്തിയപ്പോൾ യുവാവിന്റെ മാലയും മൊബൈലും 5000 രൂപയും പിടിച്ചുവാങ്ങി. 3,500 രൂപ ജി പേ വഴിയും കൈക്കലാക്കി. തുടർന്ന് വീണ്ടും മർദിച്ചു. എറണാകുളം ബൈപ്പാസിന് അടുത്തുള്ള വീട്ടിലെത്തിച്ച യുവാവിനെ നാവിൽ ഷോക്കേൽപിക്കാനും സംഘം ശ്രമിച്ചു. ബിയർ കുടിക്കാൻ വിസമ്മതിച്ചപ്പോൾ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. ലഹരി വസ്തുക്കൾ നിർബന്ധിച്ച് കഴിപ്പിച്ച് യുവാവിനെ വിവസ്ത്രനാക്കി മർദ്ദിച്ചു. മർദന ദൃശ്യങ്ങൾ മൊബൈലിലും പകർത്തി.
അഞ്ചുലക്ഷം രൂപ നൽകുകയും ബന്ധത്തിൽനിന്ന് പിന്മാറുകയും ചെയ്തില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അടുത്ത ദിവസം രാവിലെ യുവാവിനെ കൊച്ചി വൈറ്റില ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. യുവാവിനെ നഗ്നനാക്കി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അവശനിലയിൽ കണ്ടെത്തിയ യുവാവിനെ പൊലീസെത്തി കൊച്ചി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തി. അവർ യുവാവിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കേസിൽ ലക്ഷ്മി പ്രിയയാണ് ഒന്നാം പ്രതി. തിരുവനന്തപുരം നഗരത്തിൽ ഒളിവിൽ കഴിയവെയാണ് യുവതി അറസ്റ്റിലായത്. ലക്ഷ്മിപ്രിയയുടെ പുതിയ കാമുകനടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്. എട്ടാം പ്രതി എറണാകുളം സ്വദേശി അമലിനെ (24) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.