ബോഡി ഷെയ്മിങ് പെരുമാറ്റം ശരിയല്ലെന്ന വിമർശനം, യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ആരോപണവുമായി വീട്ടുകാർ

യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ആരോപണവുമായി വീട്ടുകാർ

കോഴിക്കോട്: താമരശ്ശേരിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ആരോപണവുമായി വീട്ടുകാർ. പ്രതിശ്രുത വരനായ അഭിനവ് വിവാഹത്തിൽനിന്നും പിൻമാറിയതാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. കഴിഞ്ഞ എട്ടാം തിയ്യതിയാണ് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) തൂങ്ങി മരിച്ചത്. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു നന്ദനയെ വീട്ടിലെ ഡൈനിങ് ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് മാൾ സന്ദർശിച്ച അവസരത്തിലാണ് ചൈനീസ് ഷെഫായ കൊണ്ടോട്ടി പുളിക്കൽവയൽ സ്വദേശി അഭിനവിനെ നന്ദന പരിചയപ്പെടുന്നത്. ഫോൺ നമ്പർ കൈമാറി ഇരുവരും സൗഹൃദം ആരംഭിക്കുകയും പിന്നീട് വിവാഹ താൽപര്യം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇരു വീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹ ഒരുക്കങ്ങൾ തുടങ്ങി. അഭിനവിന്റെ വീട്ടുകാർ താമരശ്ശേരിയിലെ നന്ദനയുടെ വീട്ടിലേക്ക് വരികയും ചെയ്തു. വിവാഹ നിശ്ചയത്തിന്റെ ഭാഗമായി വളയിടൽ തിയ്യതിയും കുറിച്ചു. ഇതിനിടെയാണ് അഭിനവ് വിവാഹത്തിന് താൽപര്യമില്ലെന്ന വിവരം നന്ദനയെ അറിയിച്ചത്. ഇതിൽ മനംനൊന്താണ് മകൾ ജീവനൊടുക്കിയത്', മാതാപിതാക്കളും ബന്ധുക്കളും പറഞ്ഞു.

അഭിനവ് ബോഡി ഷെയ്മിങ് നടത്തിയിരുന്നതായും പെരുമാറ്റം ശരിയല്ല എന്ന രൂപത്തിൽ സംസാരിച്ചിരുന്നതായും നന്ദനയുടെ സഹോദരി ആരോപിച്ചു. അഭിനവിന്റെ വീട്ടുകാരും വിദേശത്തുള്ള പിതാവും നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നെങ്കിലും നന്ദനയുടെ മരണശേഷം വീട്ടിൽ വരികയോ വിളിക്കുകയോ ചെയ്തിട്ടില്ലായെന്നും ബന്ധുക്കൾ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News