വളർത്താൻ ഏൽപ്പിച്ച നായയെ ലിഫ്റ്റിനുള്ളിൽ അടിച്ചുകൊന്നു; യുവതി അറസ്റ്റിൽ

പരിചരണത്തിന് ഏൽപ്പിച്ച നായയെ ലിഫ്റ്റിനുള്ളിൽ അടിച്ചുകൊന്നു; യുവതി അറസ്റ്റിൽ

ബംഗളൂരു: അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിൽവെച്ച് വളർത്തുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന് ഇരുപത്തൊമ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.

എംബിഎ വിദ്യാർത്ഥിനിയും നായയുടെ ഉടമയുമായ കെ.ആർ. രസിക തന്റെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനായി തമിഴ്നാട് സ്വദേശിനിയായ പുഷ്പലതയെ ഒരു മാസം മുൻപാണ് നിയമിച്ചത്. അതേ അപ്പാർട്ട്‌മെന്റിൽ താമസസൗകര്യവും പ്രതിമാസം 23,000 രൂപ ശമ്പളവും പുഷ്പലതയ്ക്ക് നൽകിയിരുന്നു.

ശനിയാഴ്ച പുഷ്പലത രണ്ട് വളർത്തുമൃഗങ്ങളുമായി നടക്കാൻ പോയിരുന്നു. തിരികെ വരുന്നതിനിടെ ലിഫ്റ്റിൽവെച്ച്, വളർത്തുമൃഗങ്ങളിൽ ഒന്നായ ഗൂസിയെ ലിഫ്റ്റിന്റെ ചുമരിലിടിച്ച് കൊലപ്പെടുത്തി. തുടർന്ന് കരഞ്ഞുകൊണ്ട് അവർ ഫ്‌ളാറ്റിലേക്ക് തിരിച്ചുപോയി.

നായയുടെ മരണത്തെക്കുറിച്ച് രസിക ചോദിച്ചപ്പോൾ പുഷ്പലത ഒന്നുമറിയാത്ത ഭാവം നടിച്ചു. സംശയം തോന്നിയ രസിക അപ്പാർട്ട്‌മെന്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരകൃത്യം മനസ്സിലാവുന്നത്. അവർ ഉടൻ തന്നെ പോലീസിൽ പരാതി നൽകി.

നായ നിർത്താതെ കുരയ്ക്കുന്നതിലുള്ള ദേഷ്യം കാരണമാണ് താനിത് ചെയ്തതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ പുഷ്പലത പറഞ്ഞു. എന്നാൽ, അടുത്തിടെ രസികയുടെ വീട്ടിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചതിന് പുഷ്പലതയ്ക്ക് താക്കീത് നൽകിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതിലുള്ള പ്രതികാരമായാണ് നായയെ കൊന്നതെന്ന് പോലീസ് സംശയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News