ന്യൂഡൽഹി : ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2026-ല്‍ വെര്‍ച്വല്‍ അല്ലെങ്കില്‍ ഓണ്‍-സ്‌ക്രീന്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നത് വിജ്ഞാപനത്തിലുള്ള തെറ്റാണെന്ന് അറിയിച്ച് എന്‍ടിഎ. ഫിസിക്കല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ കാല്‍ക്കുലേറ്ററുകള്‍ പരീക്ഷയില്‍ അനുവദനീയമല്ലെന്ന് ഏജന്‍സി സ്ഥിരീകരിച്ചു.
2025 നവംബര്‍ 2-ന് എന്‍ടിഎ പുറത്തുവിട്ട പൊതു അറിയിപ്പിലാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ (സിബിടി) ഓണ്‍-സ്‌ക്രീന്‍ കാല്‍ക്കുലേറ്റര്‍ ലഭ്യമാകുമെന്ന് പരാമര്‍ശിച്ചിത്. എന്നാല്‍, അത് അച്ചടിയില്‍ വന്ന തെറ്റാണെന്നും ജെഇഇ (മെയിന്‍) പരീക്ഷയ്ക്ക് ബാധകമല്ലെന്നും അറിയിച്ചു.
അറിയിപ്പിലുണ്ടായ തെറ്റ് തിരുത്തി പരീക്ഷയ്ക്കിടെ കാല്‍ക്കുലേറ്ററുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്ന് ആവര്‍ത്തിച്ച്, എന്‍ടിഎ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിഷ്‌കരിച്ച ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ജെഇഇ (മെയിന്‍) 2026-ന്റെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ അക്ഷരത്തെറ്റിലും ഉദ്യോഗാര്‍ഥികള്‍ക്കുണ്ടായ അസൗകര്യത്തിലും എന്‍ടിഎ ഖേദം പ്രകടിപ്പിക്കുന്നു എന്നും അറിയിപ്പില്‍ പറയുന്നു.
2026 ജനുവരിയില്‍ നടക്കാനിരിക്കുന്ന ജെഇഇ (മെയിന്‍) 2026 സെഷന്‍ 1-നുള്ള അപേക്ഷാ നടപടികള്‍ jeemain.nta.nic.in-ല്‍ ആരംഭിച്ചു. സെഷന്‍ 2, 2026 ഏപ്രിലില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പരിഷ്‌കരിച്ച ബുള്ളറ്റിന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ക്കും വിശദീകരണങ്ങള്‍ക്കുമായി nta.ac.in, jeemain.nta.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.


