കോതമംഗലം: ദേശീയപാതയോരത്ത് ഊന്നുകലില്‍ അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം വേങ്ങൂരില്‍ താമസിക്കുന്ന ശാന്ത (61)യുടേതെന്ന് തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ വേങ്ങൂര്‍ ഹരിതനഗറില്‍ കുന്നത്തുതാഴെ വീട്ടില്‍ പരേതനായ ബേബിയുടെ ഭാര്യയാണ് ശാന്ത. ഇടുക്കി രാജാക്കാട് കള്ളിമാലിയാണ് സ്വദേശം. ഇവര്‍ ധരിച്ചിരുന്ന 12 പവന്‍ ആഭരണങ്ങളില്‍ 9 പവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി രാജേഷ് ആണ് പ്രതിയെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്. കുറുപ്പംപടി സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ അടുക്കളഭാഗത്ത് മാലിന്യ സംഭരണിക്കുള്ളില്‍ തള്ളിക്കയറ്റിയനിലയിലായിരുന്നു മൃതദേഹം. തലയുടെ പിന്‍ഭാഗത്ത് ഇരുമ്പുവടി പോലുള്ള ആയുധം കൊണ്ട് അടിയേറ്റാണ് ശാന്ത മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്.
കോതമംഗലത്തെ ഒരു ഹോട്ടലില്‍ കുക്ക് ആയ രാജേഷിന്റെ കാര്‍ പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ 7.30-ന് ജോലിചെയ്യുന്ന ഹോട്ടലില്‍ എത്തിയ രാജേഷ് പോലീസ് അന്വേഷിച്ചെത്തുംമുന്‍പേ തന്ത്രപൂര്‍വം സ്ഥലം വിടുകയായിരുന്നു.
ഹോട്ടലില്‍ ഉള്ളവരോട് പ്രഷര്‍ കുറഞ്ഞതിനാല്‍ ആശുപത്രിയില്‍ പോകുന്നു എന്നുപറഞ്ഞാണ് രാജേഷ് പോയത്. പോലീസ് പരിസരത്തെ ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും ആശുപത്രിയില്‍ എത്തിയില്ലെന്ന് വ്യക്തമായി. കോതമംഗലത്തെ ഒരു ആക്സസറിസ് ഷോപ്പില്‍ കാര്‍ ഏല്‍പ്പിച്ച് പെരുമ്പാവൂര്‍ ഭാഗത്തേക്ക് നടന്നുപോയതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. വെള്ളിയാഴ്ച മുതല്‍ ഫോണ്‍ സ്വിച്ച്ഓഫാണ്.
18-നാണ് ശാന്ത വേങ്ങൂരിലെ വീട്ടില്‍നിന്ന് പോയത്. അന്ന് ഇവര്‍ വേങ്ങൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറപ്പിക്ക് എത്തിയിരുന്നത്. പിന്നീട് ഇവരെ കാണാതായി. 20-ന് ബന്ധുക്കള്‍ കാണ്‍മാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. ശാന്തയുടെ കഴുത്തിന്റെ ഭാഗത്ത് തൈറോയ്ഡ് ചികിത്സയ്ക്കായി നടത്തിയ ശസ്ത്രക്രിയ യുടെ പാട് കണ്ടാണ് മകനും മകളും തിരിച്ചറിഞ്ഞത്. ശരീരത്തില്‍ മുക്കുത്തിയും അരഞ്ഞാണവും കമ്മലും മാത്രമാണ് ഉണ്ടായിരുന്നത്. മാലയും വളകളും അടക്കം 12 പവന്റെ ആഭരണം നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇതില്‍ 9 പവന്റെ ആഭരണം അടിമാലിയില്‍ ജൂവലറി പണി നടത്തുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് വിറ്റശേഷം 3 പവന്റെ മാലയും 4 ലക്ഷത്തോളം രൂപയും രാജേഷ് വാങ്ങിയതായി സൂചന ഉണ്ട്. പ്രതിക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ശാന്തയുടെ മക്കള്‍: ബിജിത്ത്, ബിന്ദു. മരുമക്കള്‍: ഐശ്വര്യ, ഷാബു. മൃതദേഹം നേര്യമംഗലത്തെ പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.


