ബാഴ്സലോണ:ലാലിഗ കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി. ശനിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയോട് ബാഴ്സലോണ പരാജയപ്പെട്ടതോടെയാണ് റയൽ ചാമ്പ്യന്മാരായത്. തോറ്റതോടെ ബാഴ്സയ്ക്ക് റയലിനെ മറികടക്കാനാകില്ലെന്ന് ഉറപ്പായി. ലീഗിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് റയൽ മാഡ്രിഡ് കിരീടം ഉറപ്പിച്ചത്. റയലിന്റെ 36-ാം ലാലിഗ കിരീടമാണിത്. ഏറ്റവും കൂടുതൽ ലാലിഗ ചാമ്പ്യന്മാരായതും റയൽ മാഡ്രിഡ് ആണ്.
ബാഴ്സക്കെതിരെ 4-2 -ന്റെ ജയമാണ് ജിറോണ അവരുടെ ഹോംഗ്രൗണ്ടിൽ നേടിയത്. നേരത്തെ നടന്ന മത്സരത്തിൽ കാഡിസിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയിരുന്നു.
റയലിന് 34 മത്സരങ്ങളിൽനിന്ന് 87 പോയിന്റാണുള്ളത്. ജിറോണയ്ക്ക് 34 മത്സരങ്ങളിൽനിന്ന് 74 പോയിന്റും ബാഴ്സലോണയ്ക്ക് 73 പോയിന്റും. ജിറോണയ്ക്ക് ഇനി പരമാവധി 86 പോയിന്റിലും ബാഴ്സയ്ക്ക് പരമാവധി 85 പോയിന്റിലും മാത്രമേ എത്താൻ സാധിക്കൂ. ഇതാണ് റയലിനെ കിരീട നേട്ടത്തിലേക്ക് എത്തിച്ചത്.