സി.പി.ഐ.എം സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി തോമസിന് അനുമതിയില്ല; കെ.പി.സി.സി നിര്‍ദേശം പാലിക്കണമെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസിന് അനുമതിയില്ല. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. കെപിസിസി നിര്‍ദേശം കെ. വി തോമസ് പാലിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും പക്ഷേ, പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എഐസിസിയുടെ തീരുമാന പ്രകാരമായിരിക്കുമെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡ് നിലപാട് അറിയിച്ചത്.

കെപിസിസി നേതൃത്വത്തിന്റെ വികാരം മാനിച്ച് സെമിനാറില്‍ പങ്കെടുക്കരുതെന്നാണ് സോണിയ ഗാന്ധി തരൂരിനോടും കെ വി തോമസിനോടും നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് തരൂര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷയ്ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു.

ഇതിനിടെ വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറില്‍ നേതാക്കള്‍ പങ്കെടുത്താല്‍ നടപടിയെടുക്കുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞിരുന്നു. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കില്‍ സെമിനാറില്‍ പങ്കെടുക്കട്ടെ, സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കള്‍ പങ്കെടുത്താല്‍ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസിലാക്കിയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News