കൊച്ചി: ഒരു രൂപപോലും ചെലവില്ലാതെ കേന്ദ്ര സർക്കാർ പദ്ധതിയിലുള്ള ഗൾഫ് യാത്ര, അറുപതിനായിരം രൂപ മാസ ശമ്പളം, കുവൈറ്റിൽ അറബികൾക്ക് വിൽക്കാനെത്തിക്കുന്ന വീട്ടമ്മമാരെ കുരുക്കാനുള്ള ഏജന്റുമാർ തന്ത്രങ്ങൾ അങ്ങനെ നിരവധി. ഇത്തരത്തിൽ 30 ലേറെപ്പേരാണ് തട്ടിപ്പിനിരയായത്. സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാധാരണ കുടുംബങ്ങളിലെ 30 വയസിന് മുകളിലുള്ള സ്ത്രീകളെയാണ് കുടുക്കിയത്.
കുവൈറ്റിൽ ഹോം നഴ്സ്, ആയ ജോലികൾക്ക് ആളെ വേണമെന്ന നോട്ടീസ് പട്ടണങ്ങളിൽ പതിപ്പിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.കൊച്ചി രവിപുരത്തെ ഗോൾഡൻ വയയുടെ നടത്തിപ്പുകാരായ ആനന്ദ്, അജുമോൻ എന്നിവരാണ് മനുഷ്യക്കടത്ത് നടത്തുന്നത്. നോട്ടീസ് കണ്ട് ബന്ധപ്പെടുന്നവരെ ഗോൾഡൻ വയയിൽ എത്താൻ നിർദ്ദേശിക്കും. എല്ലാ അംഗീകാരവുമുള്ള സ്ഥാപനമെന്ന് സ്ഥാപിക്കാൻ ചില രേഖകൾ കാണിക്കും.
ആർ.ടി.പി.സി.ആർ പരിശോധനയുടെ ചെലവ് മാത്രം വഹിച്ചാൽ മതിയെന്ന് അറിയിക്കും. തുടർന്ന് വിസിറ്റിംഗ് വിസ നൽകി ദുബായിലെത്തിക്കും. അവിടെ നിന്ന് റോഡ് മാർഗമാണ് കുവൈറ്റിലെത്തിച്ചിരുന്നതെന്ന് ഇരകൾ പറയുന്നു. കുവൈറ്റിലെത്തിക്കുന്ന സ്ത്രീകളെ കണ്ണൂർ സ്വദേശി ഗസാലി എന്ന മജീദ് അറബികൾക്ക് വിൽക്കും. പത്തു ലക്ഷം രൂപ വരെ വാങ്ങും. അറബികൾ രാവിലെ 7 മുതൽ രാത്രി 11 വരെ കഠിനമായി പണിയെടുപ്പിക്കും. ദിവസം ഒരു കട്ടൻചായയും കുബൂസും മാത്രമാണ് കഴിക്കാൻ ലഭിച്ചതെന്ന് തിരിച്ചെത്തിയ തൃക്കാക്കര സ്വദേശിനി പറഞ്ഞു.
മുഖത്ത് ചൂടുവെള്ളം ഒഴിക്കുക, വയറ്റിൽ ചവിട്ടുക, മർദ്ദിക്കുക തുടങ്ങിയ ക്രൂരതകൾക്ക് ഇരയായി. മടങ്ങണമെന്നാവശ്യപ്പെട്ടപ്പോൾ സിറിയയിലെ ഐസിസ് ഭീകരർക്ക് വിൽക്കുമെന്ന് മജീദ് ഭീഷണിപ്പെടുത്തി. അരലക്ഷം രൂപ നാട്ടിൽ മകനിൽ നിന്ന് വാങ്ങിയശേഷമാണ് തിരിച്ചയച്ചതെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കുവൈത്ത് മനുഷ്യക്കടത്ത് കേസിൽ ഒളിവിലുള്ള രണ്ടാംപ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദിന്റെ സുഹൃത്തായ കുവൈത്തുകാരന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നു. ഈ കുവൈത്തുകാരനാണ് അറസ്‌റ്റിലായ ഒന്നാംപ്രതി പത്തനംതിട്ട സ്വദേശി അജുമോന് വിസ അയച്ചുകൊടുത്തിരുന്നത്. മജീദിനെ അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്‌താലേ കുവൈറ്റുകാരന് കേസിൽ പങ്കുണ്ടോ എന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മജീദിനായി വ്യാഴാഴ്‌ച ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കും. മജീദിനെ അന്വേഷിച്ച് തളിപ്പറമ്പിൽ പൊലീസ് എത്തിയെങ്കിലും ഇയാളെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചില്ല. മജീദ് കുവൈറ്റിൽത്തന്നെ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
അജുമോനെ പൊലീസ് ബുധനാഴ്‌ചയും ചോദ്യം ചെയ്‌തു. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചുതുടങ്ങി. രവിപുരം എച്ച്‌ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടിനെ കുറിച്ചാണ് പൊലീസിന് അറിവുള്ളത്. മറ്റ് ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടോയെന്നതും പരിശോധി ക്കുന്നു.
അജുമോനും സംഘവും ചേർന്ന് മുപ്പതോളം സ്ത്രീകളെ കുവൈറ്റിലേക്ക് കടത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതിൽ 12 പേരുമായി സൗത്ത് പൊലീസ് ആശയവിനിമയം നടത്തി. ഇവർക്ക് മറ്റ് ബുദ്ധിമുട്ടുകൾ കുവൈത്തിൽ ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ശിശുപരിചരണം, തയ്യൽ ഉൾപ്പെടെയുള്ള ജോലികൾ വാഗ്ദാനംചെയ്‌താണ് സ്ത്രീകളെ കയറ്റിയയച്ചത്.