കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തതിൽ മരിച്ച 11 മലയാളികളില്‍ ഏഴുപേരെ തിരിച്ചറിഞ്ഞു. ആകെ മരിച്ച 49 പേരിൽ 21ഉം ഇന്ത്യാക്കാരാണ്. ഇതില്‍ 11 പേര്‍ മലയാളികളാണെന്നാണ് ഇതുവരെ പുറത്തുവന്ന വിവരം.
കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, വയ്യാങ്കര സ്വദേശി ഷമീർ, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു എന്നി ഏഴു മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. അപകടം മലയാളി ഉടമയായ എന്‍ബിടിസിയുടെ കമ്പനിയുടെ ക്യാംപിലാണ് തീപിടിത്തമുണ്ടായത്.പരിക്കേറ്റ 46 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. അതേസമയം, കമ്പനിക്കെതിരെ കുവൈത്ത് സര്‍ക്കാര്‍ നിയമ നടപടി ആരംഭിച്ചു. ഇതിനിടെ രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെട ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിദേശകാര്യ സഹമന്ത്രി കിർത്തി വർധൻ സിംഗ് നാളെ രാവിലെ കുവൈത്തിലേക്ക് പോകും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയുടെ സഹായ ധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക.
കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചുവെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പ് കിട്ടിയെന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ കുവൈറ്റ് സർക്കാരിൻ്റെ നടപടികളെ അഭിനന്ദിച്ചു. മൃതദേഹങ്ങൾ വേഗത്തിലെത്തിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി കുവൈത്തിലെത്തിയ ശേഷം സാഹചര്യം അവലോകനം ചെയ്യുമെന്നും ജയശങ്കർ അറിയിച്ചു.
ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. മംഗഫ് ബ്ലോക്ക് നാലിൽ എൻബിടിസി കമ്പനിയുടെ തൊഴിലാളികളുടെ ക്യാംപിലാണ് തീപിടുത്തുമുണ്ടായത്.വിദേശത്ത് നിന്നെത്തുന്ന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. 195 പേർ കെട്ടിടത്തിലുണ്ടായിരുന്നവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. തീപിടിത്തമുണ്ടായ സമയത്ത് ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. താഴത്തെ നിലയിൽ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത്.കെട്ടിടത്തിന്‍റെ താഴെയുള്ള ഗ്രൗണ്ട് പാസേജ് അടച്ചിരിക്കുകയായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പലർക്കും സാരമായി പരിക്കേറ്റു. കെട്ടിട ഉടമയുടെ ആർത്തിയാണ് വൻ അപകടത്തിലേക്ക് നയിച്ചതെന്ന് സംഭവ സ്ഥലം സന്ദർശിച്ച കുവൈത്ത് ഉപപ്രധാനമന്ത്രി പ്രതികരിച്ചു.16 മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ്. ഇവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് കുവൈത്ത് ഭരണകൂടം അറിയിക്കുന്നത്.
196 പേർ താമസിക്കുന്ന ആറ് നില കെട്ടിടത്തിൽ തീപ്പിടുത്തത്തമുണ്ടായതിന് പിന്നാലെ പുറത്ത് കടക്കാനാകാതെ പുക ശ്വസിച്ചാണ് പലരും മരിച്ചതെന്ന് കുവൈറ്റിലെ കെഎംസിസി മുൻ പ്രസിഡന്റ് ഷംസുദ്ദീൻ കണ്ണേറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോറിഡോറിലും സ്റ്റെപ്പിലുമാണ് പല മൃതദേഹവും കണ്ടെത്തിയത്. തീപ്പിടുത്തമുണ്ടായ കെട്ടിടത്തിലേക്ക് ആരും കടക്കരുതെന്നാണ് കുവൈത്ത് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
തീപിടിത്തത്തെതുടര്‍ന്ന് നിയമ കുവൈത്ത് ഭരണകൂടം നിയമനടപടി ആരംഭിച്ചു. കെട്ടിടങ്ങളിലെ നിയമലംഘനം തടയാൻ വ്യാപകമായ പരിശോധനയാണ് ആരംഭിച്ചത്. സര്‍ക്കാര്‍ ഏജന്‍സികള്‍ തീപിടിത്തത്തില്‍ അന്വേഷണം ആരംഭിച്ചു. നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങള്‍ക്കെതിരെയാണ് നടപടി ആരംഭിച്ചത്. പ്രവാസികളെ താമസിപ്പിക്കുന്ന ഇത്തരം ക്യാംപുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.