Entertainment

നിറഞ്ഞാടി ‘കുറുപ്പ്’; ആദ്യദിനം ആറു കോടി

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും തുറന്ന തിയേറ്ററുകള്‍ക്ക് ആവേശമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ എത്തി. 2000ത്തിലേറെ പ്രദര്‍ശനങ്ങള്‍ നടന്ന ആദ്യദിനത്തില്‍ മാത്രം ആറ് കോടിയിലേറെ രൂപ സിനിമയ്ക്ക് ലഭിച്ചതായാണ് കണക്കുകള്‍.

വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സിലുമായി 505 സ്‌ക്രീനുകളാണ് റിലീസ് ചെയ്തത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നല്‍കുന്ന കണക്ക് പ്രകാരമാണ് ആറ് കോടിയിലേറെ രൂപ ആദ്യം ദിനം ലഭിച്ചതായി വിലയിരുത്തിയത്.

ദുല്‍ഖല്‍ സല്‍മാന്‍ ഫാന്‍സ് അസോസിയേഷന് പുറമെ ഫിയോകിന്റെ നേതൃത്വത്തിലും സ്വീകരണപരിപാടികളുണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും ആദ്യത്തെ മൂന്ന് ദിവസത്തേക്കുള്ള പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയി.

37 വര്‍ഷങ്ങളായി മലയാളികളുടെ മനസ്സില്‍ നിഗൂഢതയുടെ പര്യായമായി മാറിയ പിടികിട്ടാപ്പുള്ളിയായിരുന്നു കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നു പോലും തീര്‍ച്ചയില്ലാത്ത കുറുപ്പ് ബാക്കിവയ്ക്കുന്ന സംശയങ്ങള്‍ ഏറെയാണ്. ആ സംശയങ്ങളുടെയും നിഗൂഢതകളുടെയും വഴിയെ ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ തിയേറ്ററുകളില്‍ എത്തിയത്.

ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ എന്ന രീതിയിലാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയുടെ കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനാവുന്ന കുറുപ്പും ഈ തിരോധാനത്തിന്റെ സത്യാവസ്ഥ തേടുന്ന ഡി.വൈ.എസ്.പി കൃഷ്ണദാസുമാണ് കഥയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകങ്ങള്‍.

ഒളിവുജീവിതം നയിക്കുന്ന കുറുപ്പിനേക്കുറിച്ചുള്ള അന്വേഷണോദ്യോഗസ്ഥന്റെ നിഗമനങ്ങളാണ് ചിത്രത്തിലെ യഥാര്‍ത്ഥ ത്രില്ലര്‍ ഘടകം. യഥാര്‍ത്ഥ സംഭവകഥ എന്നത് മാത്രമല്ല, എല്ലാവര്‍ക്കും അറിയുന്ന വ്യക്തിയും കഥയും എന്നതായിരിക്കാം സംവിധായകനും എഴുത്തുകാരനും നേരിട്ടിരുന്ന പ്രധാനവെല്ലുവിളി. ഒരുപക്ഷേ പ്രേക്ഷകനും. പക്ഷേ ആ ആശങ്കകളെയെല്ലാം കൃത്യമായ ചടുലതയോടെ കുറുപ്പ് മറി കടക്കുന്നുണ്ട്.

ഒരുപാട് കഥകളും ഉപകഥകളും സംശയങ്ങളുമൊക്കെ അവശേഷിക്കുന്ന വിശാലമായ പ്ലോട്ടാണ് സുകുമാരക്കുറുപ്പ് എന്ന പിടിക്കിട്ടാപ്പുള്ളിയെ ചുറ്റിപ്പറ്റിയുള്ളത്. ആ കഥകള്‍ക്കും കേരള പൊലീസ് കണ്ടെത്തിയ തെളിവുകള്‍ക്കും അകത്തു നിന്ന് തന്നെയാണ് ‘കുറുപ്പി’ന്റെയും യാത്ര.

എല്ലാവര്‍ക്കും പരിചിതമായ ഒരു കഥ സിനിമയാക്കുമ്പോള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നതാണ് അണിയറപ്രവര്‍ത്തകര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളി. കഥ പറയുന്ന രീതി കൊണ്ടാണ് സംവിധായകന്‍ ഇവിടെ ആ വെല്ലുവിളിയെ മറികടന്നിരിക്കുന്നത്. പക്ക ഡോക്യുമെന്ററിയായി പോകാതെ ചിത്രത്തിനൊരു സിനിമാറ്റിക് അനുഭവം സമ്മാനിക്കാന്‍ ഈ കഥ പറച്ചില്‍ രീതിയ്ക്ക് കഴിയുന്നുണ്ട്.

കുറുപ്പിന്റെ സുഹൃത്ത് പീറ്റര്‍, ശാരദ എന്നിവരുടെഓര്‍മകളിലൂടെയാണ് ആദ്യ പകുതി സഞ്ചരിക്കുന്നത്. വിവിധ കഥാപാത്രങ്ങളുടെ ആംഗിളില്‍ അവര്‍ക്ക് ആരായിരുന്നു കുറുപ്പ് എന്നാണ് ആദ്യപകുതി യില്‍ പറയുന്നത്. കുറുപ്പിന്റെ വ്യക്തിജീവിതം പറഞ്ഞുകൊണ്ട് അതിന്റെ തുടര്‍ച്ചയെന്നോണം ആണ് ക്രൈം എന്ന ഘടകത്തിലേക്ക് ചിത്രം എത്തുന്നത്. പതിഞ്ഞ താളത്തില്‍ മുന്നോട്ടു പോകുന്ന ചിത്രം കൂടുതല്‍ ചടുലമാവുന്നതും ഈ അവസരത്തില്‍ത്തന്നെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button