വീണ്ടും കൊവിഡ് വ്യാപനം; വസ്ത്രശാലകളിലെ പാഴ്സലുകളെ സംശയിച്ച് ചൈന
ബെയ്ജിങ്: ചൈനയില്‍ കൊവിഡ് വീണ്ടും വ്യാപിക്കുന്നത് വസ്ത്രശാലകളിലെ പാഴ്സലുകളില്‍ നിന്നാകാമെന്ന ആരോപണം ശക്തമാകുന്നു. ഹബേ പ്രവിശ്യയിലെ ഹാഒഹുയ് എന്ന ഇ-കൊമേഴ്സ് കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് സംശയത്തിന് വഴി വച്ചിരിക്കുന്നത്.
കമ്പനിയില്‍ നിന്ന് പാഴ്സല്‍ ലഭിച്ചവരും വസ്ത്രങ്ങള്‍ കൈകാര്യം ചെയ്തവരും കോവിഡ് പരിശോധന നടത്തണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളുടെ നിര്‍മാണവും കയറ്റുമതിയുമാണ് കമ്പനി ചെയ്യുന്നത്. ഇവിടെ നിന്നയച്ച 300 പാക്കേജുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
വസ്ത്രപാക്കേജുകള്‍ക്ക് പുറമെ ഇറക്കുമതി ചെയ്യുന്ന ഫ്രോസണ്‍ ഭക്ഷണപദാര്‍ഥങ്ങളും ചൈന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വിദേശത്ത് നിന്നോ ചൈനയിലെ ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ നിന്നോ ഉള്ള പാഴ്സലുകള്‍ അണുവിമുക്തമാക്കണമെന്നാണ് അധികൃതരുടെ അറിയിപ്പ്.