തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയിൽ പികെ കൃഷ്ണദാസും ബിജെപി സ്ഥാനാർത്ഥിയാകും. തയ്യാറെടുപ്പുകളുടെ ഭാഗമായി കാട്ടാക്കടയിലെ വാടകവീട്ടിലേക്ക് കൃഷ്ണദാസ് ഇന്ന് മുതൽ താമസം മാറി. നേമത്ത് കുമ്മനവും വീടെടുത്തു. കെ സുരേന്ദ്രൻ മത്സരിക്കുന്നതിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും.
ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കണോ എന്ന കാര്യത്തിൽ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കുക. സംസ്ഥാനത്ത് ആദ്യമായി താമര വിരിഞ്ഞ നേമത്ത് രാജഗോപാലിന് പകരം കുമ്മനം. കരമനക്ക് സമീപത്തുള്ള വാടകവീടാണ് കുമ്മനത്തിനായി കണ്ടെത്തിയത്.
ഏറ്റവും പ്രതീക്ഷയുള്ള നേമം പലരും ആഗ്രഹിച്ചെങ്കിലും ആർഎസ്എസ് പിന്തുണ കൂടി കണക്കിലെടുത്താണ് കച്ച കെട്ടാൻ കുമ്മനത്തിന് കേന്ദ്രനേതൃത്വം നിർദേശം നൽകിയത്. മറ്റൊരു എ പ്ലസ് മണ്ഡലമായ വട്ടിയൂർക്കാവിൽ വി വി രാജേഷിനാണ് സാധ്യത. തിരുവനന്തപുരം സെൻട്രലിൽ സുരേഷ് ഗോപി അല്ലെങ്കിൽ എസ് സുരേഷ്, അതുമല്ലെങ്കിൽ നടൻ കൃഷ്ണകുമാർ.
കഴിഞ്ഞ തവണ വി മുരളീധരൻ ഇറങ്ങിയ കഴക്കൂട്ടത്ത് കെ സുരേന്ദ്രന്‍റെ പേര് പരിഗണിക്കുന്നു. പക്ഷേ, സംസ്ഥാന പ്രസിഡണ്ട് മത്സരിക്കണമോ വേണ്ടയോ എന്നതിൽ കേന്ദ്രനേതൃത്വം തീരുമാനമെടുക്കും.
കോഴിക്കോട് സൗത്തിൽ എം ടി രമേശിനും മഞ്ചേശ്വരത്ത് ശ്രീകാന്തിനുമാണ് മുൻതൂക്കം. പാലക്കാട്ടോ അല്ലെങ്കിൽ തൃശ്ശൂരിലോ സന്ദീപ് വാര്യരുടെ പേരുണ്ട്. പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രന്‍റെ പേര് ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിന്‍റെയും സാധ്യതാ പട്ടികയിൽ ഇല്ല. അടുത്തയാഴ്ച ദില്ലിയിൽ കേന്ദ്ര നേതൃത്വവുമായി ശോഭ ചർച്ച നടത്തുന്നുണ്ട്. ഈ മാസം അവസാനം ഇരുപതിലേറെ മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്താനാണ് പാർട്ടി ആലോചന.