മൃതദ്ദേഹം വയര്‍ കീറി കല്ല് നിറച്ച് ചെളിയില്‍ താഴ്ത്താന്‍ നിര്‍ദ്ദേശിച്ചത് രാഖി; കുമ്പളങ്ങി കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി: കുമ്പളങ്ങിയില്‍ മധ്യവയസ്‌കനെ കൊന്ന് ചെളിയില്‍ താഴ്ത്തിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മരിച്ച ആന്റണി ലാസറിന്റെ മൃതദ്ദേഹം വയര്‍ കീറി കല്ല് നിറച്ച് ചെളിയില്‍ താഴ്ത്താന്‍ നിര്‍ദ്ദേശിച്ചത് മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖിയെന്ന് പോലീസ്.

വയര്‍ കീറിയ ശേഷം ആന്തരീക അവയവങ്ങള്‍ കവറിലാക്കി തോട്ടില്‍ തള്ളിയതും രാഖിയാണെന്ന് പോലീസ് കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ബിജു സംസ്ഥാനം വിട്ടതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

കേസില്‍ ബിജുവിന്റെ ഭാര്യയും സുഹൃത്തും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടത്. നാലുവര്‍ഷം മുന്‍പുണ്ടായ അടിപിടിയുടെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ മാസം ഒന്‍പതിന് ആന്റണി ലാസറിനെ കാണാതായിരുന്നു. സഹോദരന്റെ പരാതിയില്‍ പള്ളുരുത്തി പോലീസ് കേസുമെടുത്തു. അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് ഒന്നാംപ്രതി ബിജുവിന്റെ വീടിന് പിന്നിലെ പാടവരമ്പില്‍ കുഴിച്ചിട്ടനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങളില്‍ നിന്ന് മരിച്ചത് ആന്റണി ലാസറാണെന്ന് കുടുംബം തിരിച്ചറിഞ്ഞു. മട്ടാഞ്ചേരി എസിപി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തില്‍ പള്ളുരുത്തി സി.ഐ നടത്തിയ അന്വേഷണത്തില്‍ നാലുവര്‍ഷം മുന്‍പ് ആന്റണി ലാസറും സഹോദരും ചേര്‍ന്ന് സമീപവാസിയായ ബിജുവിനെ ആക്രമിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തുവെന്ന് മനസിലായി. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന പേരില്‍ കാണാതായ ദിവസം ആന്റണി ലാസറിനെ ബിജു വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.

അവിടെവച്ച് മദ്യപിച്ചശേഷം ബിജുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ആന്റണി ലാസറിനെ ആക്രമിച്ചു. തല ഭിത്തിയില്‍ ആഞ്ഞിടിച്ചു. നിലത്തുവീണ ആന്റണി ലാസറിന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടി. മര്‍ദനമേറ്റ് മരിച്ചെന്ന് ഉറപ്പായതോടെ വീടിന് പുറകിലെ പാടവരമ്പത്ത് കുഴികുത്തി മൂടി. മര്‍ദനത്തിനും, മൃതദേഹം ഒളിപ്പിക്കുന്നതിനും പ്രതികള്‍ക്ക് സൗകര്യമൊരുക്കിയത് രാഖിയാണ്. കേസിലെ മുഖ്യപ്രതി ബിജുവിനും സുഹൃത്തിനും വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News