തിരുവനന്തപുരം: കെഎസ്‍യു നേതാവും വ്യാജ സർട്ടിഫിക്കറ്റ് കുരുക്കിൽ. കെഎസ്‍യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റും വ്യാജമെന്നാണ് കേരള സർവകലാശാലയുടെ കണ്ടെത്തൽ. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവകലാശാല അറിയിച്ചു. അൻസിലിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ ഡിജിപിക്ക് പരാതി നൽകി.
പുറത്തുവന്ന സര്‍ട്ടിഫിക്കറ്റില്‍ ഉള്ളത് ആ സമയത്തെ വൈസ് ചാന്‍സലറുടെ ഒപ്പല്ല. അത്തരത്തില്‍ ഒരു സീരിയല്‍ നമ്പറും ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇതില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് കേരള സര്‍വകലാശാലയുടെ ആവശ്യം
ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അന്‍സില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നേടിയിരുന്നു. അൻസിൽ ജലീൽ കേരള സർവകലാശാലയിൽ നിന്ന് 2016ൽ ബികോം ബിരുദം നേടിയതായാണ് സർട്ടിഫിക്കറ്റ്. സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാൻസിലറുടെ ഒപ്പും സർട്ടിഫിക്കറ്റിലുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റിലുള്ള വൈസ് ചാന്‍സിലറുടെ ഒപ്പ് ഡോ. എം കെ രാമചന്ദ്രന്‍ നായരുടേതാണ്. എന്നാല്‍, സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന തിയതി പ്രകാരം 2016ല്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായിരുന്നത് പി കെ രാധാകൃഷ്‌ണനാണ്.