തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിൽ വരുമാനത്തിന് അനുസരിച്ച് ശമ്പളമെന്ന എംഡിയുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാൻ വിളിച്ച തൊഴിലാളി യൂണിയനുകളുടെ യോഗം പരാജയം. ടാര്‍ഗറ്റ് ഏര്‍പ്പെടുത്താനുള്ള ബിജു പ്രഭാകറിന്‍റെ നിര്‍ദ്ദേശം സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി യൂണിയനുകൾ തള്ളി.
മറ്റ് സര്‍വീസ് മേഖലകളെ പോലെ കെഎസ്ആര്‍ടിസിയേയും പരിഗണിക്കണമെന്നാണ് ആവശ്യം. ടാർഗറ്റ് നിലപാടിൽ ഉറച്ചുനിന്ന എംഡി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് മറുപടി നൽകി. എന്നാൽ ആലോചിക്കാൻ ഒന്നുമില്ലെന്നായിരുന്നു തൊഴിലാളി യൂണിയനുകളുടെ നിലപാട്.
സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളം നൽകാനാകില്ലെന്നും ഗാര്‍ഗറ്റ് ഏര്‍പ്പെടുത്താതെ മറ്റ് വഴിയില്ലെന്നുമായിരുന്നു മാനേജ്മെന്‍റ് നിലപാട്. സിംഗിൾ ഡ്യൂട്ടി ലാഭകരമായ റൂട്ടുകളിലേക്ക് പരിമിതപ്പെടുത്തണമെന്നും സിംഗിൾ ഡ്യൂട്ടി ഏര്‍പ്പെടുത്തിയ ഡിപ്പോകളിലെ വരവ് ചെലവ് കണക്കുകൾ പരസ്യപ്പെടുത്തണമെന്നും സിഐടിയു ആവശ്യപ്പെട്ടു.
ശമ്പളം കൃത്യമായി നൽകുക, ടാര്‍ഗറ്റ് നിര്‍ദ്ദേശം പിൻവലിക്കുക തുടങ്ങിയ വിഷയങ്ങളിൽ തിരുവനന്തപുരം കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നിൽ ഈ മാസം 28ന്സിഐടിയു സമരം പ്രഖ്യാപിച്ചു.