തിരുവനന്തപുരം; പൊതു ഗതാഗതത്തിന് പുതുയുഗം എന്ന ആശയത്തോടെ ആരംഭിച്ച കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസിന് തുടക്കം കുറിച്ചു.
തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടന്ന പ്രൗഡഗംഭീര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യാണ് സർവ്വീസിന് തുടക്കം കുറിച്ചത്.
കെഎസ്ആർടിസി നല്ലനാളെകളിലേക്ക് കുതിക്കുകയാണെന്നും, അതിന് എല്ലാവരും ആകാവുന്ന പിൻതുണ നൽകുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികളിലൂടെ കെഎസ്ആർടിസിയെ അഭിവൃത്തിയിലേക്ക് നയിക്കാനാണ് ശ്രമം അതിനുള്ള എല്ലാ പിൻതുണയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം ചെയ്തു. കെഎസ്ആർടിസി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗതം ലഭ്യമാക്കുന്നതിന് വേണ്ടി പ്രത്യേകം ആരംഭിക്കുന്ന സർവ്വീസാണ് ഗ്രാമവണ്ടി. ഒറ്റപ്പെട്ട ഗ്രാമീണ മേഖലയിലേക്ക് കെഎസ്ആർടിസി സർവ്വീസ് നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജനപ്രതിനിധികളുടെ അപേക്ഷകളിൽ മേൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ കൂടുതൽ ബാധ്യത ഏറ്റെടുത്ത് ഇത്തരം മേഖലയിലേക്ക് സർവ്വീസ് നടത്താൻ കെഎസ്ആർടിസിക്ക് സാധിക്കാതെ വരുന്ന സാഹചര്യത്തിൽ ഡീസൽ ചിലവ് പൂർണ്ണമായും തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്നോ, സ്പോൺസർമാരെ ഉപയോഗപ്പെടുത്തിയോ വഹിക്കണമെന്നുള്ള ഒരേ ഒരു നിബന്ധനയോടെയാണ് ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നത്.
ജീവനക്കാരുടെ ശമ്പളം, ബസുകളുടെ പരിപാലനം, ഇൻഷ്വറൻസ്, തുടങ്ങിയ ചിലവുകൾ കെഎസ്ആർടിസി വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന റൂട്ടുകളിലേക്കും സമയത്തുമായിരിക്കും ബസുകൾ സർവ്വീസ് നടത്തുക. പദ്ധതി പ്രകാരം സ്പോൺസർ ചെയ്യുന്ന സ്വകാര്യ വ്യക്തികളുടേയും, സ്ഥാപനങ്ങളുടേയും പരസ്യങ്ങൾ സ്പോൺസർ ചെയ്യുന്ന ഗ്രാമവണ്ടികളിൽ പ്രദർശിപ്പിക്കും. തിരുവനന്തപുരം കോർപ്പറേഷൻ ഗ്രാമവണ്ടി സർവ്വീസിനായി ഒരു കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനം നിർവ്വഹിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ കെഎസ്ആർടിസി – സ്വിഫ്റ്റ് ബസ് ഗജരാജയിലെ ആദ്യത്തെ റിസർവേഷൻ ചെയ്തവർക്കുള്ള സൗജന്യ കൂപ്പണുകളും വിതരണം ചെയ്തു.
ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി – സ്വിഫ്റ്റ് സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് സ്വാഗതം ആശംസിച്ച
ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഐഒസി എക്സിക്യൂട്ടീവ് ഡയറക്ടർ വി.സി. അശോകൻ, വി.ഇ കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് (വോൾവോ) ബസ് ഡിവിഷൻ പ്രസിഡന്റ്- ആകാശ് പാസ്സി, അശോക് ലൈലാന്റ് ലിമിറ്റഡ്- ബസ് ഹെഡ്- കെ. മോഹൻ, കെഎസ്ആർടിസി – സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി രാജേന്ദ്രൻ, ഡെപ്യൂട്ടി. ജ. മാനേജർ ഉല്ലാസ് ബാബു തുടങ്ങിയവരും പങ്കെടുത്തു.