തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടുതല്‍ യാത്രക്കാരുള്ള മേഖലകളിലേക്കാകും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും.
സാമൂഹിക അകലം ഉറപ്പാക്കാന്‍ ബസുകളിലെ സീറ്റുകളില്‍ ഇരുന്നുള്ള യാത്രകളെ ആദ്യഘട്ടത്തില്‍ അനുവദിക്കൂ. അത്യാവശ്യക്കാര്‍ മാത്രം പൊതുഗതാഗതം ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
എന്നാല്‍ ജുണ് 16 വരെ ലോക്ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുന്നതിനെതിരേ ആരോഗ്യവകുപ്പ് അതൃപ്തി അറിയിച്ചിട്ടുണ്ട്. പൊതുഗതാഗതം തുടങ്ങിയാല്‍ രോഗവ്യാപനം വീണ്ടുമുണ്ടാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.