തിരുവനന്തപുരം; പൊതു ഗതാഗതത്തിന് പുതുയുഗം എന്ന ആശയത്തോടെ കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസ് തിങ്കളാഴ്ച വൈകുന്നേരം മുതൽ സർവ്വീസ് ആരംഭിക്കും. വൈകുന്നേരം 5.30 മണിക്ക് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവ്വീസിന് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് സർവ്വീസ് ആരംഭിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിർവ്വഹിക്കും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ കെഎസ്ആർടിസി – സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസർവേഷൻ ചെയ്തവർക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിർവ്വഹിക്കും. ഡോ. ശശി തരൂർ എം.പിയും, മേയർ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും. ആദ്യ സർവ്വീസുകളിൽ ഓൺലൈനിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി- സിഫ്റ്റ് നൽകുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് ലഭിച്ച ഗജരാജയുടെ യാത്രക്കാരായ ജോസഫ് സ്കറിയ ( പൂഞ്ഞാർ), അരുൺ.എം ( ബാഗ്ലൂർ), അനൂബ് ജോർജ് (പത്തനംതിട്ട, പുല്ലാട്) അരുൺ എം (തിരുവനന്തപുരം, പൂജപ്പുര), , എന്നിവർക്ക് മടക്ക ടിക്കറ്റിനുള്ള സൗജന്യ കൂപ്പൻ സമ്മാനിക്കുക.
ചടങ്ങിൽ വാർഡ് കൗൺസിലർ ഹരികുമാർ .സി, ഐഒസി എക്സിക്യൂട്ടീവ് ഡയറക്ടർ വി.സി. അശോകൻ, വി.ഇ കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് (വോൾവോ) ബസ് ഡിവിഷൻ പ്രസിഡന്റ്- ആകാശ് പാസ്സി, അശോക് ലൈലാന്റ് ലിമിറ്റഡ്- ബസ് ഹെഡ്- കെ. മോഹൻ, കെഎസ്ആർടിഇഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിനോദ്, ടിഡിഎഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ. ശശിധരൻ, കെഎസ്ടിഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, കെഎസ്ആർടിസിയിലേയും – സ്വിഫ്റ്റിലേയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
5.30 മണി മുതൽ ബാഗ്ലൂരിലേക്കുള്ള എ.സി. വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം നടത്തുക.
ഏപ്രിൽ 12 ന് വൈകുന്നേരം 5.30 തിന് ബാഗ്ലൂരിൽ നിന്നും കേരളത്തിലേക്കുള്ള മടക്ക സർവ്വീസ് ബാഗ്ലൂരിൽ വെച്ച് കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.
കെഎസ്ആർടിസി- സ്വിഫ്റ്റ് ബസിലെ ടിക്കറ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ബാഗ്ലൂർ നിന്നുള്ള കേരള യാത്രയ്ക്ക് ആദ്യ ദിനം തന്നെ മുഴുവൻ സീറ്റുകളും ബുക്കിംഗ് ആരംഭിച്ച് മണിയ്ക്കൂറുകൾക്കകം ടിക്കറ്റ് തീർന്നു. 12, 13 തീയതികളിൽ ബാഗ്ലൂർ നിന്നുള്ള തിരുവനന്തപുരം , എറണാകുളം സർവ്വീസുകളുടെ ടിക്കറ്റുകളാണ് പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടത്.
നിലവിൽ തിരുവനന്തപുരം- ബാഗ്ലൂർ, എറണാകുളം -ബാഗ്ലൂർ ഗജരാജ എ.സി സ്ലീപ്പർ 4 സർവ്വീസുകളുടേയും, കോഴിക്കോട്- ബാഗ്ലൂർ 2 സർവ്വീസുകളുടേയും, പത്തനംതിട്ട- ബാഗ്ലൂർ ഒരു സർവ്വീസ്, തിരുവനന്തപുരത്ത് നിന്നുള്ള കോഴിക്കോട്, കണ്ണൂർ , മാനന്തവാടി എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് സർവ്വീസുകളുടേയും ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ടിക്കറ്റുകൾ ലഭ്യമാണ്. കൂടുതൽ ബസുകൾക്ക് കർണ്ണാടകയുടേയും തമിഴ്നാടിന്റേയും പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് 13 തീയതിക്ക് മുൻപ് തന്നെ ബസുകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നതുമാണ്.
കെ.എസ്.ആർ.ടി.സി യുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി സർക്കാർ ഉടമസ്ഥതയിൽ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് കെഎസ്ആർടിസി – സിഫ്റ്റ്. യാത്രികർക്ക് മികച്ച സേവനങ്ങളും പുതിയ യാത്രാനുഭവവും നൽകുന്നതിന് വേണ്ടി ഏറ്റവും പുതിയ സാങ്കേതിക വിദ്യയോട് കൂടിയ മികച്ച സൗകര്യങ്ങളുള്ള ബസുകളാണ് സർവ്വീസ് നടത്തുന്നത്. കെഎസ്ആർടിസി – സിഫ്റ്റ് പ്രത്യേകം പരിശീലനം നൽകിയ ഡ്രൈവർ കം കണ്ടക്ടർമാരാണ് ഈ സർവ്വീസുകൾ നിയന്ത്രിക്കുന്നത്.
ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദമായ അന്തർ സംസ്ഥാന ദീർഘ ദൂര സർവ്വീസുകളാണ് കെഎസ്ആർടിസി- സിഫ്റ്റ് നടത്തുന്നത്.
ലഗ്ഗേജ് വയ്ക്കുന്നതിന് കൂടുതൽ ഇടവും, ഇവ കൈകാര്യം ചെയ്യുന്നതിന് സഹായം നൽകാനായി ക്രൂവിന്റെ സഹായവും ലഭിക്കുകയും ചെയ്യും. മെച്ചപ്പെടുത്തിയ ഓൺലൈൻ റിസർവ്വേഷൻ സേവനം എല്ലാസമയവും ഉറപ്പാക്കുന്ന കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസുകളിൽ സുരക്ഷയ്ക്കും വൃത്തിയ്ക്കും കൂടുതൽ മുൻതൂക്കം നൽകിയാണ് സർവ്വീസുകൾ നടത്തുക.
കെഎസ്ആർടിസി- സ്വിഫ്റ്റ് ജീവനക്കാരുടെ യൂണിഫോം പുറത്തിറക്കി
തിരുവനന്തപുരം; തിങ്കളാഴ്ച ( ഏപ്രിൽ 11 ) മുതൽ സർവ്വീസ് ആരംഭിക്കുന്ന കെഎസ്ആർടിസി- സിഫ്റ്റ് ബസിലെ ജീവനക്കാരുടെ യൂണിഫോം പുറത്തിറക്കി. കെഎസ്ആർടിസി – സിഫ്റ്റ് ബസിന്റെ നിറത്തോട് യോജിക്കുന്ന ഇളം ഓറഞ്ച് നിറത്തോട് കൂടിയ ഷർട്ടും, കറുത്ത നിറത്തിലുള്ള പാന്റും യൂണിഫോമാണ് ബസിലെ ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാർക്ക് നൽകുക.
ഇതിൽ ബസ് ഡ്രൈവ് ചെയ്യുന്നവർ പി – ക്യാപ്പും ധരിക്കും. ജീവനക്കാരുടെ നെയിം ബോർഡിനൊപ്പം, കെഎസ്ആർടിസി – സിഫ്റ്റിന്റെ ചിഹ്നവും, യൂണിഫോം സ്പോൺസർ ചെയ്ത കമ്പിനിയുടെ ലോഗോയും, യൂണിഫോമിൽ പതിപ്പിച്ചിട്ടുണ്ട്. 319 ഡ്രൈവർ കം കണ്ടക്ടർമാർക്ക് കേരളത്തിലെ മികച്ച മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒരാഴ്ച നടന്ന പരിശീലനവും, തുടർന്ന് കണ്ടക്ടർ പരിശീലനവും നൽകിയ ശേഷമാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസിൽ നിയമിച്ചിരിക്കുന്നത്.
ബസുകളിൽ യാത്രക്കാരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിന് ഡ്രൈവർ കം കണ്ടക്ടർമാരുടെ സേവനവും ലഭ്യമായിരിക്കും.
കെഎസ്ആർടിസി – സ്വിഫ്റ്റ് , വിഷു – ഈസ്റ്ററിന് കൂടുതൽ സർവ്വീസ് നടത്തും
തിരുവനന്തപുരം; വിഷു, ഈസ്റ്റർ പ്രമാണിച്ച് കെഎസ്ആർടിസിയും, കെഎസ്ആർടിസി – സ്വിഫ്റ്റും സ്പെഷ്യൽ സർവ്വീസുകൾ നടത്തും. സംസ്ഥാനത്തിനകത്തും, അന്തർ സംസ്ഥാന റൂട്ടുകളിലുമാണ് യാത്രക്കാരുടെ ആവശ്യാർത്ഥം യഥേഷ്ടം സർവ്വീസുകൾ നടത്തുന്നത്. ആകെ 34 സൂപ്പർ ക്ലാസ് ബസ്സുകൾ സാധാരണ സർവ്വീസ് നടത്തുന്നതിൽ അധികമായി ഈ അവധികാലത്ത് കൂടുതൽ സർവ്വീസുകളും നടത്തും. ഏപ്രിൽ 11 മുതൽ 18 വരെ ഈ സർവ്വീസുകൾക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ വഴി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പ്രധാന റൂട്ടുകളിൽ അധിക സർവ്വീസുകളും, ഹ്രസ്വ ദൂര – ദീർഘ ദൂര സർവ്വീസുകൾ യാത്രക്കാരുടെ ബാഹുല്യം അനുസരിച്ചും ഏപ്രിൽ 12,13 തീയതികളിലും 17,18 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്.
ഓൺലൈൻ വഴി ബുക്കു ചെയ്യുന്നവർക്ക് അടിയന്തിര സാഹചര്യത്തിൽ ടിക്കറ്റ് ലഭിക്കുവാൻ
തൽക്കാൽ ടിക്കറ്റുകളും, അഡീഷണൽ സർവ്വീസ് ടിക്കറ്റുകളും www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന mobile app വഴി ലഭ്യമാകും.
പ്രധാന റൂട്ടുകൾ
എ.സി സ്ലീപ്പർ സർവ്വീസുകൾ
കണിയാപുരം- തിരുവനന്തപുരം- ബാഗ്ലൂർ ( നാഗർകോവിൽ- തിരുനെൽവേലി- ഡിൻഡിഗൽ-വഴി)
തിരുവനന്തപുരം- ബാഗ്ലൂർ ( ആലപ്പുഴ- വൈറ്റില- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി )
ബാഗ്ലൂർ- തിരുവനന്തപുരം (സേലം, കോയമ്പത്തൂർ, തൃശ്ശൂർ- വൈറ്റില, ആലപ്പുഴ വഴി )
എറണാകുളം – ബാഗ്ലൂർ ( സേലം,കോയമ്പത്തൂർ , തൃശ്ശൂർ വഴി )
എ.സി സെമി സ്ലീപ്പർ ബസുകൾ
പത്തനംതിട്ട – ബാഗ്ലൂർ ( കോട്ടയം- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി )
കോഴിക്കോട്- ബാഗ്ലൂർ
കോഴിക്കോട്- മൈസൂർ
നോൺ എ.സി ഡീലക്സ് ബസുകൾ
തിരുവനന്തപുരം- കണ്ണൂർ
മാനന്തവാടി- തിരുവനന്തപുരം
സുൽത്താൻ ബത്തേരി – തിരുവനന്തപുരം
തിരുവനന്തപുരം-വൈറ്റില- ആലപ്പുഴ വഴി സുൽത്താൻബത്തേരി
തിരുവനന്തപുരം കോട്ടയം -തൃശ്ശൂർ- കോഴിക്കോട്
തിരുവനന്തപുരം – എറണാകുളം- കോഴിക്കോട്
കണിയാപുരത്ത് നിന്നും തിരുവനന്തപുരം – നാഗർകോവിൽ വഴി ബാംഗ്ലൂർ സർവ്വീസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്
തിരുവനന്തപുരം; കണിയാപുരത്ത് നിന്നും തിരുവനന്തപുരം- നാഗർകോവിൽ വഴി ബാഗ്ലൂരിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി സിഫ്റ്റ് സർവ്വീസ് ആരംഭിക്കുന്നു. സാധാരണയായി തിരുവനന്തപുത്ത് നിന്നും പാലക്കാട് , സേലം വഴി ബാഗ്ലൂരിൽ എത്തുന്നതിനേക്കാൽ 4 മണിയ്ക്കൂറോളം സമയ ലാഭം നാഗർകോവിൽ വഴിയുള്ള സർവ്വീസിന് ലഭിക്കും.
കണിയാപുരത്ത് നിന്നും വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന ഈ സർവ്വീസ് ടെക്നോപാർക്കിൽ എത്തി അവിടെ നിന്നും ടെക്നോപാർക്കിലെ ജോലി സമയം കഴിഞ്ഞ് പ്രൊഫഷണലുകൾക്ക് ബാഗ്ലൂരിലേക്ക് പോകുന്നതിന് വേണ്ടിയുള്ള സൗകര്യത്തിന് ബസിൽ കയറി തിരുവനന്തപുരത്ത് എത്തി 8 മണിക്ക് തിരുവനന്തപുരത്ത് നിന്നും നാഗർകോവിൽ വഴി രാവിലെ ബാഗ്ലൂർ എത്തിച്ചേരുന്ന വിധമാണ് ഈ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്