KeralaNews

വാളെടുത്ത് ഗണേഷ് കുമാര്‍,രണ്ട് ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു

തിരുവനന്തപുരം: കരുനാഗപ്പള്ളിയില്‍ നടന്ന അപകടമരണങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. പാപ്പനംകോട് യൂണിറ്റിലെ ഡ്രൈവര്‍ എ.ടി പ്രബാഷ്, പൂവാര്‍ യൂണിറ്റിലെ ഡ്രൈവറായ ഷൈന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രബാഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഷൈനിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. 

കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ആക്‌സിഡന്റ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച കൊണ്ടോ, അശ്രദ്ധ കൊണ്ടോ അപകടം സംഭവിക്കുകയാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. 


കെഎസ്ആര്‍ടിസി അറിയിപ്പ്: തിരുവനന്തപുരത്തു നിന്നും കോഴിക്കോട് സര്‍വീസ് നടത്തുകയായിരുന്ന JN 357 എ സി ബസ് 15.05.2024ന് ഉച്ചയ്ക്ക് 01.00 മണിയോടു കൂടി കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. മുന്നില്‍ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും ലോറിക്ക് പുറകിലായി പോവുകയായിരുന്ന സ്‌കൂട്ടര്‍ ലോറിയില്‍ ഇടിക്കുകയും സ്‌കൂട്ടറിന് പിന്നിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയും യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണപ്പെടുകയുമായിരുന്നു.

റോഡ് നിയമങ്ങള്‍ പാലിച്ച് കൃത്യമായ അകലം പാലിക്കാതെ ബസ് ഓടിച്ചതാണ് യാത്രക്കാരിയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്നാണ് പ്രഥമിക കണ്ടെത്തല്‍. ഇത് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ കൃത്യനിര്‍വഹണത്തിലെ ഗുരുതരമായ വീഴ്ചയും ചട്ടലംഘനവുമാണ്.

പൂവാര്‍ യൂണിറ്റിലെ RSC 519 ബസ് 17.05.2024ന് കായംകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തവെ, രാവിലെ 10.20 മണിയോടെ കരുനാഗപ്പള്ളി ഡിപ്പോയിലേക്ക് ബസ് പ്രവേശിക്കുമ്പോള്‍ 75 വയസ്സ് പ്രായമുള്ള ചന്ദ്രബാല്‍ എന്ന വയോധികന്‍ ബസിന്റെ ഇടത് വശത്തെ മുന്‍പിലത്തെ ടയറിന് അടിയില്‍പ്പെടുകയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയും ചെയ്തു. 

അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ JN357 ഏ.സി ബസ് ഓടിച്ചിരുന്ന പാപ്പനംകോട് യൂണിറ്റിലെ ഡ്രൈവര്‍ എ.റ്റി പ്രബാഷും പൂവാര്‍ യൂണിറ്റിലെ RSC 519 ബസിലെ ഡ്രൈവറായ ഷൈന്‍ ടിയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും എ.റ്റി പ്രബാഷിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും പൂവാര്‍ യൂണിറ്റിലെ ഡ്രൈവറായ ഷൈന്‍. ടിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button