വെള്ളം കയറിയ KSRTC ഡിപ്പോയിൽ ആവേശകരമായ ‘വള്ളം കളി’; വൈറലായി ജീവനക്കാരുടെ വീഡിയോ

കൊച്ചി: വെള്ളം കയറിയ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ‘വള്ളംകളി’യുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. എറണാകുളം സൗത്ത് ഡിപ്പോയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

എറണാകുളം സൗത്ത് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ ബിനിൽ ആന്റണിയും എൻക്വയറി വിഭാഗത്തിലെ ഉദ്യോഗസ്ഥരായ എൽദോ, സന്തോഷുമാണ് വീഡിയോയിലുള്ളത്. മുട്ടോളം വെള്ളം കയറിയ ഓഫീസിൽ ടേബിളിന് മുകളിൽ കയറിയിരുന്നാണ് മൂവരും വഞ്ചിതുഴയൽ അനുകരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ ഷൈജു ദാമോദരന്റെ കമന്ററിയും ഉൾപ്പെടുത്തിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. വളരെ പെട്ടെന്നുതന്നെ വീഡിയോ വൈറലാകുകയും ചെയ്തു.

കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ പൂർണ്ണമായും നിർത്തി. സാധാരണ മഴപെയ്താൽ തന്നെ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളും കെഎസ്ആർടിസി ഡിപ്പോകളും വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News