കോട്ടയം: പതിനായിരക്കണക്കിന് ആളുകളായിരുന്നു ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനായി വഴിയിലുടനീളം കാത്തുനിന്നത്. നേരം വെളുക്കുന്നത് വരെ വഴിയോരത്ത് അവർ കണ്ണീരോടെ തങ്ങളുടെ പ്രിയ നേതാവിനെ കാണാനായി കാത്തുനിന്നു.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുവന്നത്. എളുപ്പമായിരുന്നില്ല ആ വരവ് റോഡ് കാണാനാവാത്ത വിധത്തിൽ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.
ജനസാഗരത്തിന്റെ ഇടയിലൂടെ വളരെ പതുക്കെയാണ് ആ ബസ് വന്നത്. ഓരോ സ്ഥലത്ത് നിർത്തുമ്പോഴും ആയിരക്കണക്കിന് ആളുകളാണ് ബസിന് അടുത്തേക്ക് എത്തിയത്. ശ്യാം, ബാബു എന്നീ രണ്ട് ഡ്രൈവർമാരാണ് ഒരാളുടെ പോലും ദേഹത്ത് തട്ടാതെ വളരെ സുരക്ഷിതമായി ഇത്രയും ആളുകൾക്കിടയിലൂടെ കോട്ടയത്തേക്ക് എത്തിച്ചത്.
ഇന്നലെ രാവിലെ ഏഴ് മണിക്ക് ഈ ബസ് എടുത്ത് ആയൂർ വരെ ഇങ്ങനെ വന്നു, ആയൂർ തൊട്ട് ഇവിടെ വരെ റോഡിന്റെ ടാറ് കണ്ടിട്ടില്ല, അത്രയും ജനങ്ങളായിരുന്നു, ജനങ്ങളെ ചികഞ്ഞ് ചികഞ്ഞ് മാറ്റി 15-20 കിലോ മീറ്റർ സ്പീഡിലാണ് വന്നത്. ബുദ്ധിമുട്ടൊന്നും ഇല്ലാതെ എത്തിച്ചതിൽ സന്തോഷമുണ്ടെന്നും ശ്യാം പറയുന്നു.
വളരെ സാഹസികമായ യാത്രയായിരുന്നുവെന്നും കടൽ ഇരുമ്പുന്ന പോലെയായിരുന്നു ജനമെന്നും ബാബു പറഞ്ഞു. ഇത്ര ജനത്തെ ഇതുവരെ കണ്ടിട്ടില്ല. അത്രയ്ക്കും ആളുകളായിരുന്നു. 152 കിലോമീറ്ററും 28 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയിൽ എത്തിയത്, ബാബു പറഞ്ഞു
ഇന്നലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നുള്ള വിലാപയാത്ര ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുലർച്ചെ 5.30നായിരുന്നു കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു തിരുനക്കര മൈതാനിയിൽ പൊതുദർശനം വെച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും എത്രയോ അധികം ആളുകളാണ് ഉമ്മൻ ചാണ്ടിയെ കാണാനായി കാത്തു നിന്നിരുന്നത്.