NationalNews

സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; അറസ്റ്റിലായവര്‍ നാലായി, മണിപ്പൂരില്‍ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ അറസ്റ്റിലായവര്‍ നാലായി. രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായതായി മുഖ്യമന്ത്രി ബിരേന്‍ സിംഗാണ് അറിയിച്ചിരുന്നു. രണ്ട് പേര്‍ കൂടി അറസ്റ്റിലായതായി പോലീസ് പറഞ്ഞു. ഹുയിറം ഹീരാദാസ് സിംഗ് എന്നയാളെ വീഡിയോയിലൂടെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാളെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തൗബല്‍ ജില്ലയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

വീഡിയോയില്‍ ഇയാള്‍ ആക്രമണത്തിന് ഇരയായ സ്ത്രീകളില്‍ ഒരാളെ വലിച്ചിഴയ്ക്കുന്നതാണ് ഉള്ളത്. അതേസമയം സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പോലീസ് അനാസ്ഥയാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ഈ സംഭവത്തില്‍ പോലീസ് പ്രതികരിക്കാന്‍ 77 ദിവസമെടുത്തു എന്നതാണ് വിമര്‍ശനത്തിന് പ്രധാന കാരണം. ഇത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണ്. മാനവികതയ്ക്ക് നേരെയുള്ള കുറ്റകൃത്യമാണിത്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു.

കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും അറസ്റ്റ് ചെയ്യും. വധശിക്ഷ വരെ കുറ്റക്കാര്‍ക്കാര്‍ക്ക് വാങ്ങി കൊടുക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സ്ത്രീകള്‍ക്കെതിരായ അവസാന അക്രമമാവട്ടെ. നമ്മുടെ അമ്മമാരെയും, സഹോദരിമാരെയും, പ്രായമായവരെയും നമ്മള്‍ ബഹുമാനിക്കുന്നവരാണെന്ന് ഓര്‍ക്കണമെന്നും ബിരേന്‍ സിംഗ് പറഞ്ഞു.

വീഡിയോയില്‍ യുവതികളെ ഉപദ്രവിച്ച ഹ്യൂറിം ഹീരാദാസ് സിംഗിന്റെ വീടിന് നാട്ടുകാര്‍ ഇന്ന് വൈകീട്ട് തീയിട്ടു. ഇതിനെ ഇവിടെയുള്ള സ്ത്രീകള്‍ എതിര്‍ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോട് ആര്‍ക്കും യോജിക്കുന്നില്ല. ഹീനമായ കുറ്റകൃത്യമാണിത്.

അത് കുക്കികളായാലും, മെയ്തികളായാലും, മുസ്ലീങ്ങളായാലും അങ്ങനെ തന്നെയാണ്. സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം കാര്യങ്ങളെ അപലപിക്കുന്നു. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും ഒരു യുവതി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഒരു വ്യാജ വീഡിയോയുടെ പേരിലാണ് യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിന് പിന്നിലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതികളില്‍ ഒരാളുടെ സഹോദരന്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ രണ്ട് യുവതികളുടെയും കുടുംബം വനമേഖലയിലേക്ക് സുരക്ഷിതമായി മാറിയിരുന്നു.

എന്നാല്‍ ജനക്കൂട്ടം അവരുടെ സമുദായത്തിലെ ഒരു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന വ്യാജ വാര്‍ത്ത വിശ്വസിച്ചാണ് അക്രമാസക്തരായത്. തുടര്‍ന്ന് ഒരു ഗ്രാമത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഇവര്‍ എല്ലായിടത്തും പരിശോധന നടത്തിയാണ് യുവതി അടങ്ങുന്ന സംഘത്തെ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പുരുഷന്മാരും, മൂന്ന് സ്ത്രീകളുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker