മാവേലിക്കര: യൂണിഫോം ധരിക്കാതെ മതവേഷം ധരിച്ച് ഡ്രൈവർ ഡ്യൂട്ടിക്കെത്തിയെന്ന പ്രചാരണം തെറ്റെന്ന് കെഎസ്ആർടിസി. യൂണിഫോം ധരിക്കാതെ മതവേഷത്തിൽ ഡ്രൈവർ കെഎസ്ആർടിസി ബസ് ഓടിക്കുന്നു എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിട്ടതിന് പിന്നാലെയാണ് കെഎസ്ആർടിസി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയത്. തിരുവനന്തപുരം തമ്പാനൂരിൽനിന്നു മാവേലിക്കരയിലേക്ക് പോകുന്ന ബസിൽ നിന്നെടുത്ത ചിത്രമാണിതെന്നാണ് അവകാശവാദത്തോടെയാണ് പ്രചാരണം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രചാരണം ഏറ്റെടുത്തിരുന്നു.
ഡ്രൈവർ ഇസ്ലാം മതവിശ്വാസികൾ ധരിക്കുന്ന തൊപ്പിയും ധരിച്ചാണ് വാഹനമോടിച്ചത്. പുറമെ ഇയാൾ ധരിച്ച യൂണിഫോം വെള്ളനിറമാണെന്നും ഫോട്ടോയിൽ തോന്നും. ചിത്രത്തിൽ കാണുന്ന ഡ്രൈവർ മവേലിക്കര ഡിപ്പോയിൽ ജോലി ചെയ്യുന്നയാളാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡ്രൈവർമാരുടെ യൂണിഫോമായ ആകാശനീല ഷർട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നതെന്നും കെഎസ്ആർടിസി മാവേരിക്കര ഡിപ്പോയിലെ അധികൃതർ പറഞ്ഞു. ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം നടത്തി സത്യാവസ്ഥ വെളിപ്പെടുത്തി. സംഭവത്തിൽ കെഎസ്ആർടിസി. വിജിലൻസിന്റെ അന്വേഷണത്തിൽ ഡ്രൈവർ പി. എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി.
ഷർട്ടിൽ അഴുക്ക് പറ്റാതിരിക്കാനാണ് തോർത്ത് മുണ്ട് മുകളിൽ വെച്ചതെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. പ്രചരിക്കുന്ന ചിത്രങ്ങളുടെ വ്യക്തതക്കുറവ് കൊണ്ടോ അദ്ദേഹത്തിന്റെ ഷർട്ടിന്റെ നിറം മങ്ങിയത് കൊണ്ടോ അത് വെള്ള നിറംപോലെ തോന്നും. ഫുൾ സ്ലീവ് ഷർട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോർത്തും വിരിച്ചിരുന്നു. ഇക്കാരണങ്ങളാകാം തെറ്റിദ്ധാരണ പരത്തിയതെന്നും കെഎസ്ആർടിസി അധികൃതർ വിശദമാക്കി. കെഎസ്ആർടിസി ഡ്രൈവർമാരുടെ യൂണിഫോമിന്റെ സർക്കുലറിൽ ആകാശനീല ഷർട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഹാഫ് സ്ലീവോ ഫുൾ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിന് വിലക്കില്ല. ചിലർ ചിത്രം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ട്വീറ്റ്