ആലപ്പുഴ: ലെവല്‍ ക്രോസില്‍ കെഎസ്ആര്‍ടിസി ബസ് റെയില്‍ പാളത്തില്‍ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. പാളത്തില്‍ കുടുങ്ങിയ ബസ് തള്ളി നീക്കിയതിനാല്‍ തലനാരിഴക്കാണ് വന്‍ ദുരന്തമൊഴിവായത്. ബസ് തള്ളി നീക്കിയതിന് തൊട്ടുപിന്നാലെ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോവുകയും ചെയ്തു.
ഇന്ന് വൈകിട്ടോടെ ഹരിപ്പാട് തൃപ്പക്കുടം റെയില്‍വെ ക്രോസിലാണ് സംഭവം. ഹരിപ്പാട് നിന്നും എടത്വ വഴി കോട്ടയം പോകുന്ന കെഎസ്ആര്‍ടിസി ബസ് ലെവല്‍ ക്രോസിലൂടെ കടന്നുപോകുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയായിരുന്നു.
ബസിന്‍റെ ഫൂട്ട്ബോട് പാളത്തില്‍ തടഞ്ഞ് ബസ് മുന്നോട്ടെടുക്കാന്‍ കഴിയാതെ നിന്നുപോവുകയായിരുന്നു. ബസ് മുന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയില്‍ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോകാനുള്ള സമയവുമായി. ബസില്‍നിന്നും യാത്രക്കാരും ബസ് ജീവനക്കാരുമിറങ്ങി.
സമയം കളയാതെ യാത്രക്കാരും ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ ബസ് പാളത്തില്‍നിന്ന് തള്ളിയിറക്കുകയായിരുന്നു. ഇതിനുതൊട്ടുപിന്നാലെ ട്രെയിന്‍ കടന്നുപോയി. ബസ് പാളത്തില്‍നിന്ന് തള്ളിയിറക്കിയില്ലെങ്കില്‍ ട്രെയിന്‍ ഇടിച്ച് വലിയൊരു അപകടമുണ്ടാകാനുള്ള സാധ്യതാണ് തലനാരിഴയ്ക്ക് വഴിമാറിയത്.
കണ്ണൂരില്‍ നിര്‍ത്തിയിട്ട ബസിന് പിന്നില്‍ മറ്റൊരു ബസ്സിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. രണ്ട് സ്ത്രീകള്‍ ബസിനടിയില്‍പ്പെട്ടു. ടി.സി.ബി റോഡില്‍ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്സ് പള്ളിക്ക് മുന്നില്‍ വ്യാഴാഴ്ച രാവിലെ 9.45-ഓടെയായിരുന്നു അപകടം.
തളിപ്പറമ്പില്‍നിന്ന് പരപ്പയിലേക്ക് പോയ സിനാന്‍ ബസിന്റെ പിന്നില്‍ ഇരിട്ടിയില്‍ നിന്ന് ചെറുപുഴയിലേക്ക് പോയ തെക്കേടത്ത് എയ്ഞ്ചല്‍ ബസിടിക്കുകയായിരുന്നു. സിനാന്‍ ബസ്സ് പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതിനിടെയാണ് തെക്കേടത്ത് എയ്ഞ്ചല്‍ ബസ്സ് പിന്നില്‍ ഇടിച്ചത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെവന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയിലാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടുനീങ്ങിയ സിനാന്‍ ബസ് റോഡ് മുറിച്ചുകടന്ന രണ്ട് സ്ത്രീകളുടെ ദേഹത്തുകൂടി കയറിയിറങ്ങി. കരുവന്‍ചാല്‍ സ്വദേശിനി മോളി ജോസിനും മറ്റൊരു സ്ത്രീക്കുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു.