KeralaNews

‘ആരാണ് ടീച്ചറമ്മ?’ കെ കെ ശൈലജക്കെതിരെ ഒളിയമ്പുമായി ജി സുധാകരന്‍

പത്തനംതിട്ട: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ജി സുധാകരന്റെ ഒളിയമ്പ്. ആരാണ് ടീച്ചർ അമ്മ എന്നായിരുന്നു ജി സുധാകരന്റെ ചോദ്യം. ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാൽ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. 

കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മുൻ എംഎൽഎ ജോസഫ് എം പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു  ജി സുധാകരന്‍. പുതുശേരിയുടെ പുസ്തകത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചർ അമ്മ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ജി സുധാകരന്റെ ഒളിയമ്പ്. 

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അകൽച്ച കഴിഞ്ഞ ദിവസം പരസ്യമാക്കി ജി.സുധാകരൻ രംഗത്തെത്തിയിരുന്നു വ്യക്തി പൂജ പാടില്ലെന്ന് തുറന്നടിച്ച സുധാകരൻ പിണറായി കരുത്തുള്ള നേതാവാണെന്നും പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയുമായി അകൽച്ചയുണ്ട്. അതു പക്ഷേ ആലപ്പുഴയും തിരുവനന്തപുരവും പോലെയുള്ളതാണെന്നും വ്യക്തമാക്കി.

എം.ടി വിഷയത്തിൽ തന്നെ വിമർശിച്ച സജി ചെറിയാനെതിരെയും സുധാരൻ രം​ഗത്തെത്തി. ഏത് ചെറിയനായാല്‍ എന്താ? ചെറിയാനോട് താന്‍ എന്തെങ്കിലും പറഞ്ഞോ എന്നായിരുന്നു സുധാകരൻ ചോ​ദിച്ചത്. എം.ടിയെ വിമർശിച്ചതിനെപ്പറ്റിയും അത് ​സിപിഎം മുഖപത്രമായി ​ദേശാഭിമാനി റിപ്പോർട്ട് ചെയ്യാതിരുന്നതിനെക്കുറിച്ചും ഒരു വാ‍‍‌‍‌‌ർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ തുറന്നു പറഞ്ഞത്.

മാർക്സിസം പറയാൻ എം.ടി. വാസുദേവൻ നായർ വരേണ്ട കാര്യമില്ലെന്നും അദ്ദേഹം എന്തോ പറഞ്ഞപ്പോഴേക്കും കേരളത്തിലെ സാഹിത്യകാരന്മാർക്ക് ഉൾവിളിയുണ്ടായെന്നും ജി. സുധാകരൻ പറഞ്ഞു. സി.പി.എം. അനുകൂല അധ്യാപക സംഘടന സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി. സുധാകരന്റെ വാക്കുകൾ:


ഇടതുപക്ഷം ജനകീയപ്രശ്നങ്ങളിൽ എടുത്തിട്ടുള്ള ഒരു നിലപാടുണ്ട്, ചരിത്രപരമായി. പ്രതിപക്ഷത്തായിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭങ്ങളുണ്ടാകും. ഭരണപക്ഷത്തായാലും പ്രക്ഷോഭങ്ങൾ നടത്തും. ഭരണംകൊണ്ട് മാത്രം ജനങ്ങളുടെ പ്രശ്നം തീരത്തില്ല. ഇത് മാർക്സിസമാണ്. അത് പഠിച്ചവർക്ക് അറിയാം. മാർക്സിസം പഠിക്കാത്ത മാർക്സിസ്റ്റാണ് ഇവിടെ ഉണ്ടായത്. അത് വായിച്ചുപഠിക്കണം. അത് പറയാൻ എം.ടി. വാസുദേവൻ നായർ വരേണ്ട കാര്യമൊന്നും ഇല്ല. ഞങ്ങളൊക്കെ നേരത്തെ പറഞ്ഞുകൊണ്ടിരിക്കുന്നു.

അദ്ദേഹത്തിന്റെ അഭിപ്രായം ഇല്ലെങ്കിലും ഞങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം വരേണ്ട കാര്യമില്ല. അദ്ദേഹം എന്തോ പറഞ്ഞപ്പോഴേക്കും ഭയങ്കര ഇളക്കം. ഉടനെ കേരളത്തിലെ സാഹിത്യകാരന്മാർക്ക് അന്നേരമാണ് ഉൾവിളി. ഓരോരുത്തർ ഓരോന്ന് പറഞ്ഞുകൊണ്ടു നടക്കുക. ഇതുവരെ എന്താ പറയാതിരുന്നത്. അതുതന്നെ ഭീരുത്വമാണ്. പറയണമെന്നമല്ല, ഇപ്പോൾ പറയാനുണ്ടായത് എന്തേ, നേരത്തെ പറയാതിരുന്നത്. അതും വെറുമൊരു ഷോയാണ്.

ആത്മാർഥതയില്ലാത്തതാണ്. അത് എത്ര വലിയ ആൾ പറഞ്ഞാലും, അദ്ദേഹം പറഞ്ഞത് കൊണ്ട് ഞങ്ങൾ പറയുന്നു. പക്ഷെ, അത് ഏറ്റുപറായത്ത ഒരാളുണ്ട്, ടി. പത്മനാഭൻ. ഇതൊക്കെ വലിയ വിപ്ലവമാണ്. സർക്കാരിനോടല്ല എം.ടി. പറഞ്ഞത്. അദ്ദേഹം ജനങ്ങളോടാണ് പറഞ്ഞത്. പണ്ടും പറഞ്ഞതാണ്.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker