തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ യാത്രക്കാരന്റെ പരാക്രമം. യാത്രക്കാരെ മര്‍ദിച്ചു. ബസ് ആറ്റിങ്ങല്‍ ഡിപ്പോയിലെത്തിയപ്പോള്‍ പുറത്തിറങ്ങിയ അക്രമി, ബസിന്റെ മുന്‍വശത്തെ ചില്ല് എറിഞ്ഞു തകര്‍ത്തു. യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് അക്രമിയെ തടഞ്ഞുവച്ച് പോലീസിനു കൈമാറി.
വെള്ളിയാഴ്ച വൈകീട്ട് 4.30-ഓടെയായിരുന്നു സംഭവം. വികാസ് ഭവന്‍ ഡിപ്പോയിലെ ബസാണ് തകര്‍ത്തത്. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങലിലേക്ക് സര്‍വീസ് നടത്തുമ്പോള്‍ കണിയാപുരം ഡിപ്പോയില്‍നിന്നു കയറിയ യാത്രക്കാരനാണ് യാതൊരു പ്രകോപനവുമില്ലാതെ ബസിനുള്ളില്‍ അക്രമാസക്തനായത്.
ബസിനുള്ളില്‍ ഇയാള്‍ ബഹളമുണ്ടാക്കിയതു ചോദ്യംചെയ്ത രണ്ടു യാത്രക്കാരെ ഇയാള്‍ മര്‍ദിച്ചു. ഇവര്‍ പരാതി നല്‍കിയിട്ടില്ല. ബസ് ആറ്റിങ്ങല്‍ ഡിപ്പോയിലെത്തിയപ്പോള്‍ പുറത്തിറങ്ങിയ അക്രമി കല്ലെറിഞ്ഞ് ബസിന്റെ മുന്‍വശത്തെ ഗ്ലാസ്സ് തകര്‍ത്തു.
തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവച്ച് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിലെത്തിച്ചു. അവിടെവച്ച് ഇയാള്‍ ജീവനക്കാരെയും ആക്രമിച്ചു. ഡിപ്പോ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോയി.
അക്രമം നടത്തിയയാള്‍ പരസ്പരബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്ന് ഇന്‍സ്‌പെക്ടര്‍ തന്‍സീം അബ്ദുല്‍സമദ് പറഞ്ഞു. കുളത്തൂപ്പുഴയാണ് സ്വദേശമെന്നും നസറുദ്ദീനെന്നാണ് പേരെന്നുമാണ് പോലീസിനോട് ഇയാള്‍ പറഞ്ഞത്.
ഇതിനു സമാനമായ സംഭവത്തില്‍ ഇയാളെ മുന്‍പ് കടയ്ക്കല്‍ പോലീസ് അറസ്റ്റുചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്. അന്ന് ഫസറുദ്ദീന്‍ എന്ന പേരാണ് പോലീസിനോടു പറഞ്ഞിട്ടുള്ളത്. മാനസികവിഭ്രാന്തിയുള്ളതായി പോലീസ് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണത്തിലേ പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിക്കൂവെന്ന് പോലീസ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.ക്കുണ്ടായ നഷ്ടത്തിന്റെ കണക്കെടുത്തിട്ടില്ല. സംഭവം മേലധികാരികളെ അറിയിച്ചതായി ഡിപ്പോ അധികൃതര്‍ പറഞ്ഞു.