24.4 C
Kottayam
Wednesday, May 22, 2024

നിറയെ യാത്രക്കാരുമായി ചെരിഞ്ഞ് ഓടി കെഎസ്ആർടിസി ബസ്; മോട്ടർ വാഹന വകുപ്പ് പിടികൂടി

Must read

കുറവിലങ്ങാട് • നിറയെ യാത്രക്കാരുമായി റോഡിലൂടെ ചെരിഞ്ഞ് ഓടിയ കെഎസ്ആർടിസി ബസ് നാട്ടുകാരുടെ പരാതിയെത്തുടർന്ന് മോട്ടർ വാഹന വകുപ്പ് പിടികൂടി. മോട്ടർ വാഹന വകുപ്പിന്റെ നിർദേശ പ്രകാരം യാത്രക്കാരെ ഇറക്കിയ ശേഷം അറ്റകുറ്റപ്പണിക്ക് അയച്ച ബസിൽ വീണ്ടും യാത്രക്കാരെ കയറ്റിയതായി പരാതി. ഇന്നലെ രാവിലെ എംസി റോഡിലാണ് സംഭവം. കൂത്താട്ടുകുളം ഡിപ്പോയിലെ ഓർഡിനറി ബസാണ് നിറയെ യാത്രക്കാരുമായി ചെരിഞ്ഞ് ഓടിയത്.

ഒട്ടേറെ വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. കോട്ടയത്തു നിന്നു രാവിലെ പുറപ്പെട്ട ആർഎസി 396 നമ്പർ ബസ് കാണക്കാരി, വെമ്പള്ളി വഴി കുറവിലങ്ങാട് ഭാഗത്ത് എത്തിയപ്പോൾ തന്നെ യാത്രക്കാർ നിറഞ്ഞു. ബസ് ചെരിഞ്ഞാണ് യാത്ര ചെയ്തത്. കുറവിലങ്ങാട് ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ മോട്ടർ വാഹന വകുപ്പിനെ വിവരം അറിയിച്ചു. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എത്തി പരിശോധിച്ചു. ബസിന്റെ ലീഫിനു ഗുണനിലവാരമില്ലെന്നും സർവീസ് നടത്താൻ യോഗ്യമല്ലെന്നും കണ്ടെത്തി.

കുറവിലങ്ങാട് മുതൽ കുര്യനാട് വരെ ബസിനെ അനുഗമിച്ച മോട്ടർ വാഹന വകുപ്പ് സംഘം കുര്യനാട്ടിൽ ഭൂരിപക്ഷം വിദ്യാർഥികളെയും ബസിൽ നിന്ന് ഇറക്കി. പിന്നീട് യാത്ര തുടർന്നപ്പോഴും ബസിന്റെ ചെരിവു മാറിയില്ല. മോട്ടർ വാഹന വകുപ്പ് അധികൃതർ കൂത്താട്ടുകുളം ഡിപ്പോയിൽ വിവരം അറിയിച്ചു. അറ്റകുറ്റപ്പണി നടത്തിയ ശേഷമേ സർവീസ് നടത്താവൂവെന്നു നിർദേശിച്ചു. പക്ഷേ കൂത്താട്ടുകുളം ഡിപ്പോയിൽ എത്തിയ ബസ് അറ്റകുറ്റപ്പണി നടത്താൻ മൂവാറ്റുപുഴ ഡിപ്പോയിലേക്കു കൊണ്ടുപോയപ്പോഴും യാത്രക്കാരെ കയറ്റി. ഒരാഴ്ചയായി ബസ് ചെരിഞ്ഞ് ഓടുകയാണെന്നു സ്ഥിരം യാത്രക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week