ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് വിനോദയാത്രാസംഘം

വണ്ടിപ്പെരിയാര്‍: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞു. മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെവരികയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്. 34 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രാവിലെ 6.15 ഓടെയാണ് സംഭവം.30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മരങ്ങളില്‍ തട്ടിനിന്നതിനാലാണ് വലിയ അത്യാഹിതം ഒഴിവായത്.

ദേശീയപാതയില്‍ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ പുല്ലുപാറയ്ക്ക് സമീപമാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പറഞ്ഞ ഉടന്‍ ബസ് മറിയുകയായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.

നിയന്ത്രണം വിട്ട ബസ് 30 അടി താഴ്ചയിലേക്ക് മറിയുകയും മരങ്ങളില്‍ തട്ടി നില്‍ക്കുകയുമായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. പീരുമേടില്‍ നിന്നും മുണ്ടക്കയത്ത് നിന്നും ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം പോലീസ് സംഘവും മോട്ടോര്‍ വാഹന വകുപ്പിന്റെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News