കൊല്ലം: കെ.എസ്.ആര്‍.ടി.സിയുടെ കൊട്ടാരക്കര ഡിപ്പോയിക്കു സമീപത്തു നിന്നു കാണാതായ ബസ് പാരിപ്പള്ളിയില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന് നിര്‍ണായക തെളിവ് ലഭിച്ചു. പാരിപ്പള്ളി സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇയാള്‍ വൈകാതെ അറസ്റ്റിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
യുവാവ് പാരിപ്പള്ളിയില്‍ ബസ് നിര്‍ത്തിയിട്ടശേഷം ഒരു ബാഗുമായി ബസില്‍ നിന്നിറങ്ങുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇയാളെ ചുറ്റിപ്പള്ളിയുള്ള അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. ആര്‍എസി 354 നമ്പരിലുള്ള വേണാട് ബസാണ് കാണാതായതും പിന്നീട് കണ്ടെത്തിയതും. ഞായറാഴ് രാത്രി 12 ഓടെ ഗാരേജിലെ പരിശോധനകള്‍ക്കു ശേഷം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം ദേശീയപാതയോരത്ത് ബസ് പാര്‍ക്ക് ചെയ്ത ശേഷം ഡ്രൈവര്‍ ഡ്യൂട്ടി കഴിഞ്ഞു പോയിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 6.30ന് ഡിപ്പോയിലെത്തിയ ഡ്രൈവര്‍ സര്‍വീസ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബസെടുക്കാന്‍ ചെല്ലുമ്പോഴാണ് കാണാതായതായി മനസിലാക്കുന്നത്. ഡിപ്പോ അധികൃതരെ ഡ്രൈവര്‍ വിവരമറിയിക്കുകയും അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നു നടന്ന വ്യാപക അന്വേഷണത്തിലാണ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കെഎസ്ആര്‍ടിസി ഡിപ്പോയിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബസ് കടത്തിക്കൊണ്ടുപോയയാളെ കണ്ടെത്താനുള്ള ശ്രമവും നടത്തിയിരുന്നു. കൊട്ടാരക്കരയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായ വിവരമെന്നും ലഭിച്ചിട്ടില്ലെന്ന് റൂറല്‍ എസ്പി പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തിവരുന്നത്. സംശയകരമായ സാഹചര്യത്തില്‍ പിടിയിലായ ചിലരെ ചോദ്യം ചെയ്തുവരുന്നതായും എസ്പി വ്യക്തമാക്കി. പാരിപ്പള്ളിയില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ക്കാണ് കൂടുതല്‍ വ്യക്തതയുള്ളത്. അത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് മുഖ്യമായിട്ടുള്ളതെന്നും റൂറല്‍ എസ്പി പറഞ്ഞു.