എറണാകുളം: കോതമംഗലം വാരപ്പെട്ടിയിൽ വാഴകൃഷി കൂട്ടത്തോടെ വെട്ടിനശിപ്പിച്ച് കെഎസ്ഇബി. ഇളങ്ങവം കാവുംപുറത്ത് അനിഷ് തോമസിന്റെ വാഴകളാണ് കെഎസ്ഇബി വെട്ടിനശിപ്പിച്ചത്. കൃഷിത്തോട്ടത്തിലുണ്ടായിരുന്ന 406 വാഴകളാണ് വെട്ടിയത്. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിന് കീഴിലാണെന്ന് കാട്ടിയാണ് കെഎസ്ഇബി വാഴകൃഷി നശിപ്പിച്ചത്.
തോട്ടത്തിലെ വാഴകളിൽ ഭൂരിഭാഗവും ഓണക്കാലത്ത് വിളവെടുക്കാന്‍ കഴിയുന്നതാണ്. ഇതോടെ നാല് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഹൈടെന്‍ഷന്‍ വൈദ്യുത ലൈന്‍ കടന്നുപോകുന്ന ഭൂമിയിലായിരുന്നു വാഴകൃഷി. യാതൊരു മുന്നറിയിപ്പും നല്‍കാതെയായിരുന്നു കെഎസ്ഇബി നടപടിയെന്ന് ആക്ഷേപമുണ്ട്.
ഹൈടെന്‍ഷന്‍ ലൈനില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണ് വെട്ടി നശിപ്പിച്ചതെന്നാണ് സംഭവത്തിൽ കെഎസ്ഇബിയുടെ വിശദീകരണം. സംഭവസ്ഥലത്ത് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയിട്ടുണ്ട്.