ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയാകില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ കളത്തിലിറക്കി മത്സരം കടുപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെ വയനാട്ടിലെ പോരാട്ടത്തിന് ചൂടേറും.
എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണന്‍, കൊല്ലത്ത് നടന്‍ ജി.കൃഷ്ണകുമാര്‍, ആലത്തൂരില്‍ ടി.എന്‍.സരസു എന്നിവരെയും എന്‍ഡിഎ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എന്‍ഡിഎക്കു സ്ഥാനാര്‍ഥികളായി. മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ പ്രചാരണം പൊടിപാറും.
ബിഡിജെഎസില്‍നിന്ന് ഏറ്റെടുത്ത വയനാട്ടില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി ആരാകുമെന്ന ചോദ്യം നേരത്തേതന്നെ ശക്തമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും മാറ്റുരയ്ക്കുന്നുവെന്ന സവിശേഷതയാണ് വയനാടിനുള്ളത്. ഇതിലേക്ക് ദേശീയനിരയിലെ ആരെങ്കിലും ബിജെപി സ്ഥാനാര്‍ഥിയായി എത്തുമോയെന്നായിരുന്നു പ്രധാന ആകാംക്ഷ.
എ.പി.അബ്ദുല്ലക്കുട്ടി, സന്ദീപ് വാരിയര്‍, സി.കെ.ജാനു തുടങ്ങിയ പേരുകളും നേതൃത്വം പരിഗണിച്ചു. ഒടുവിലാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ പേരിലേക്ക് എത്തിച്ചേര്‍ന്നത്. വയനാട്ടില്‍ സുരേന്ദ്രന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ ഗൗരവമായാണു കാണുന്നതെന്ന പ്രതീതി കേരളത്തിലും പുറത്തും സൃഷ്ടിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍. നാലു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും ബിജെപി നേരത്തേതന്നെ പ്രചാരണം തുടങ്ങിയിരുന്നു.
ലോക്‌സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാന്‍ കെ.സുരേന്ദ്രന് സാധിച്ചു.
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ മത്സരിച്ച സുരേന്ദ്രൻ മഞ്ചേശ്വരത്ത് 67,000 ത്തോളം വോട്ട് പിടിച്ചിരുന്നു.
കോൺഗ്രസ് വിട്ട് ബിജിപിയിൽ എത്തിയ എറണാകുളത്തെ സ്ഥാനാർഥി കെ.എസ്.രാധാകൃഷണൻ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. നടൻ കൂടിയായ കൊല്ലത്തെ സ്ഥാനാർഥി കൃഷ്ണകുമാര്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. ഗവ.വിക്ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പലാണ് ആലത്തൂരിലെ സ്ഥാനാർഥിയായ ടി.എൻ.സരസു.