തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 10.30 ന് കെപിസിസി ഓഫീസില്‍ വെച്ചാണ് യോഗം. താഴേ തട്ടിലുള്ള പുനഃസംഘടന ഉള്‍പ്പെടെയുള്ളവ യോഗത്തില്‍ ചര്‍ച്ചയാകും. ഇക്കാര്യത്തില്‍ രാഷ്ട്രീയ കാര്യസമിതിയുടെ അംഗീകാരം നേടിയശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഡി ലിറ്റ് വിവാദത്തിലെ വി.ഡി സതീശന്‍ ചെന്നിത്തല പോര് യോഗത്തിലും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. പുനഃസംഘടന സംബന്ധിച്ചാകും മുഖ്യ ചര്‍ച്ചകള്‍. നീണ്ട ഇടവേളക്ക് ശേഷമാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്.
അതേസമയം ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിച്ചുവെന്ന ആത്മവിശ്വാസത്തിലായിരുന്നു നേതൃത്വം. അതിനിടെയാണ് ഡിലിറ്റ് വിവാദത്തില്‍ വി.ഡി സതീശനും ചെന്നിത്തലയും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചത്. പാര്‍ട്ടി നിലപാട് താനും കെ.പി.സി.സി അധ്യക്ഷനും പറയുന്നതാണെന്ന വി.ഡി സതീശന്റെ പ്രസ്താവന ചെന്നിത്തലയെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെത് ഒറ്റയാള്‍ പോരാട്ടമാണെന്നാണ് ചെന്നിത്തല നല്‍കിയ മറുപടി.
സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കൂടിയാണ് രാഷ്ട്രീയ കാര്യ സമിതി വിളിച്ചത്.സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രമുഖരെ നേരില്‍ക്കണ്ട് പിന്തുണതേടാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങുന്ന സാഹചര്യത്തില്‍, ഇതിനെതിരായ പ്രതിരോധവും യോഗം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് അച്ചടക്കസമിതി അധ്യക്ഷനായി നിയമിതനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് വൈകുന്നേരം ചുമതലയേല്‍ക്കും.