കോഴിക്കോട് ഇരട്ട സ്ഫോടന കേസ്: തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതെവിട്ടു

കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ പ്രതികളായ തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെവിട്ടു. എന്‍ഐഎ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കിയാണ് ഉത്തരവ്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലം പ്രതി ഷഫാസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് ദേശീയ അന്വഷണ ഏജന്‍സിയും (എന്‍ഐഎ) ഹൈക്കോടതിയെ സമീപിച്ചിരുന്നു.

രണ്ടു ഹര്‍ജികളും പരിഗണിച്ചാണ് ഹൈക്കോടതി വിധി. 2006 മാര്‍ച്ച് മൂന്നിന് ആണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും സ്ഫോടനം നടന്നത്. 2009ല്‍ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News