കോഴിക്കോട്: റെയിൽവെ സ്റ്റേഷന് സമീപം 481 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. നരിക്കുനി കണ്ടോത്ത്പാറ സ്വദേശി മനയിൽ തൊടുകയിൽ മുഹമദ് ഷഹ്വാൻ, പുല്ലാളൂർ പുനത്തിൽ ഹൗസിൽ മിജാസ് പി. എന്നിവരാണ് പിടിയിലായത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവാണ് പിടിച്ചെടുത്തത്.
കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മിഷണർ സുരേഷ് വി-യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ടൗൺ അസി. കമ്മിഷണർ ടി.കെ. അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഡൽഹിയിൽനിന്നും ട്രെയിൻ മാർഗ്ഗമാണ് ഇവർ കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കൊണ്ടുവന്നത്. കോഴിക്കോട് ബാലുശ്ശേരി ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന ലഹരിവസ്തുവാണ് പരിശോധയിൽ കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ പതിനഞ്ച് ലക്ഷം രൂപ വില വരും.
പിടിയിലായവർ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ്. ബസ്സിലെ ജോലി നിർത്തി ഇവർ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു. പിടികൂടിയ ഷഹ്വാന്റെ പേരിൽ ബാലുശ്ശേരി സ്റ്റേഷനിൽ കഞ്ചാവ് കേസുണ്ട്.