നാല് മണിക്കൂറായിട്ടും തീയണയ്ക്കാനായില്ല, ചില്ല് പൊട്ടിക്കാൻ ജെ.സി.ബിയും രംഗത്ത്, നഗരം സ്തംഭിച്ചു,പുകയിൽ മുങ്ങി നഗരം

കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ തീപ്പിടിത്തമുണ്ടായി നാല് മണിക്കൂറായിട്ടും തീയണയ്ക്കാനായില്ല, ചില്ല് പൊട്ടിക്കാൻ ജെ.സി.ബിയും രംഗത്ത് . ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്.

തീ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയായി നിന്ന തകര ഷാറ്റുകളും മറ്റും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു മാറ്റി വെള്ളം ശക്തിയായി അടിച്ച് തീ അണയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 4.50 നാണ് തീ പിടിത്തം ഉണ്ടായി എന്ന വിവരം ഫയര്‍ ഫോഴ്‌സില്‍എത്തിയത്. തൊട്ടടുത്തുള്ള കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ ആവശ്യത്തിന് ഫയര്‍ എന്‍ജിന്‍ ഇല്ലാതിരുന്നത് ആദ്യഘട്ടത്തില്‍ തീ നിയന്ത്രണവിധേയമാക്കുന്നതിന് തടസമുണ്ടാക്കി. ഒരു യൂണിറ്റ് മാത്രമാണ് കോഴിക്കോട് ബീച്ചില്‍ഉണ്ടായിരുന്നത്.

എങ്കിലും കെട്ടിടത്തിന്റ അരികുകള്‍ കേന്ദ്രീകരിച്ച് വെള്ളം ഒഴിച്ചത് തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീ പിടിക്കാതിരിക്കാന്‍ സഹായിച്ചു. സമീപ ജില്ലകളിലില്‍ നിന്ന് കൂടുതല്‍ ഫയർ എന്‍ജിനുകളോട് എത്താനായി നിർദ്ദേശിച്ചിട്ടുണ്ട്. തകരഷീറ്റുകളും ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉണ്ടായിരുന്നതുകൊണ്ട് കെട്ടിടത്തിന് ഉള്ളിലേക്ക് വെള്ളം അടിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഒരുവശത്തുനിന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്തേക്ക് ആളിപ്പടരുന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമായിരുന്നില്ല. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ജെസിബി കൊണ്ടുവന്ന് തകര ഷീറ്റുകള്‍ പൊളിച്ചത്. ഇത്തരത്തിലുള്ള അശാസ്ത്രീയ നിര്‍മിതികള്‍ അധികൃതരുടെ കണ്‍മുന്നിലുണ്ടായിട്ടും അത് തടയാനോ മാറ്റാനോ ശ്രമിക്കാതിരുന്നതാണ് ഇപ്പഴത്തെ പ്രതിസന്ധിക്ക് കാരണം.

പൊളിച്ചുമാറ്റിയ ഭാഗത്തുതകൂടി ഉള്ളില്‍ കടന്ന് തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തീ ഇനിയും അണച്ചില്ലെങ്കില്‍ കെട്ടിടം പൂര്‍ണമായും അഗ്നിക്കിഗ്നിക്കിരയാകുമെന്നാണ് ഭയം. അതേസമയം ബസ് സ്റ്റാന്‍ഡില്‍ കൂട്ടം കൂടിനിന്നവരെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്.മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ അണയ്ക്കാനാകാതെ വന്നതോടെ സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ വിളിച്ചിട്ടുണ്ട്. തീപ്പിടിത്തം ഉണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങള്‍ അടക്കമാണ് കത്തിനശിച്ചത്.

കെട്ടിടത്തിലെ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. വലിയ വ്യാപാര സ്ഥാപനമായതിനാല്‍ത്തന്നെ നിറയെ തുണിത്തരങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. ഇത് തീ അധികരിക്കുന്നതിനിടയാക്കിയെന്നാണ് വിലയിരുത്തല്‍. തീ കെടുത്താനായി അഗ്നിരക്ഷാസേനയുടെ രണ്ട് ഫയര്‍ എന്‍ജിനുകളാണ് ആദ്യമെത്തിയത്. പിന്നീട് ഒരെണ്ണം കൂടി എത്തിച്ചേര്‍ന്നു. എന്നാല്‍ വാഹനങ്ങളില്‍ ശേഖരിച്ചിരുന്ന വെള്ളം കുറവായതിനാല്‍ ഫയര്‍ എന്‍ജിനുകള്‍ വെള്ളം നിറയ്ക്കുന്നതിനായി മടങ്ങിപ്പോയി. ഇതോടെ തീ വന്‍തോതില്‍ പടര്‍ന്നു. നിലവില്‍ എട്ട് ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ സ്ഥലത്തുണ്ടെന്നാണ് വിവരം.

തിരിച്ചെത്തിയ വാഹനങ്ങളില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വന്‍തോതില്‍ കറുത്ത പുകയുയരുന്നതിനാല്‍ അകത്ത് കയറി തീ അണയ്ക്കാനുള്ള ശ്രമം പ്രാവര്‍ത്തികമല്ല. കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള കെട്ടിടമായതിനാല്‍ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സില്‍ നിന്ന് സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നു. നിലവില്‍ കെട്ടിടത്തിന്റെ മറുഭാഗത്തേക്ക് തീ എത്തിച്ചേര്‍ന്നിരിക്കുകയാണ്. കെട്ടിടത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യാപാരസ്ഥാപനത്തിലേക്കും തീപടര്‍ന്നത് വലിയ വിനയായി. കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും തീ പടര്‍ന്നിരിക്കുകയാണ്. കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകളും തീ ഗുരുതരമാക്കുന്നതിന് മുഖ്യപങ്കുവഹിച്ചു. തീ ഇപ്പോഴും നിയന്ത്രണവിധേയമല്ല.

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ക്രാഷ് ടെന്‍ഡര്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ദൗത്യത്തില്‍ പങ്കുചേര്‍ന്നു. നഗരത്തിലുള്ള ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങൾക്ക് പുറമെ മുക്കം, നരിക്കുനി, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കാനുള്ള നടപടി ആരംഭിച്ചു. അടുത്തടുത്തായി ചെറിയ വ്യാപാരസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഈ കടകളെല്ലാം തന്നെ എയര്‍കണ്ടീഷനുകള്‍ ഘടിപ്പിച്ചിട്ടുള്ളവയായതിനാല്‍ എല്ലാം അടച്ച നിലയിലാണുള്ളത്. ഇത് തീയണക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭീഷണിയായി.

ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഗതാഗതം നിയന്ത്രിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. സ്റ്റാന്‍ഡിന് പരിസരത്ത് വാഹനങ്ങള്‍ എത്താതിരിക്കാനാണ് നിയന്ത്രണം. തീ നിയന്ത്രണവിധേയമാക്കാന്‍ ഏകോപനമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. നഗരത്തിലാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് പൂര്‍ണമായും കത്തിനശിച്ചു. അവധി ദിവസമായതിനാലും സ്‌കൂള്‍ സീസണായതിനാലും ആളുകള്‍ അധികമായി നഗരത്തിലുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News