കൊച്ചി: ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രക്തചന്ദനം പിടികൂടിയ സംഭവത്തിന് പിന്നില്‍ കോഴിക്കോട് സ്വദേശിയെന്ന് സൂചന. ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച രക്തചന്ദനമാണ് കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. 2200 കിലോഗ്രാം കിലോഗ്രാം രക്തചന്ദന തടികള്‍ ഓയില്‍ ടാങ്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ദുബായിലേക്ക് കൊച്ചിയില്‍ നിന്ന് കപ്പല്‍ മാര്‍ഗം കടത്താനായിരുന്നു ശ്രമം.
ഡയര്‍ക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പരിശോധനയിലായിരുന്നു രക്തചന്ദന വേട്ട. ആന്ധ്രയില്‍ നിന്ന് കൊച്ചിയിലെത്തിച്ച ശേഷം കപ്പല്‍ മാര്‍ഗം ദുബായിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. സര്‍ക്കാരില്‍ നിന്ന് ലേലം വഴി മാത്രമേ രക്തചന്ദന ഇടപാട് നടത്താനാകൂ എന്നിരിക്കെയാണ് ഇത്രയും വലിയ തോതില്‍ രക്തചന്ദനം കടത്താനുള്ള ശ്രമം.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടത്തും. കോഴിക്കോട് സ്വദേശിയായ ഒരു വ്യക്തിയാണ് ഇത് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത് എന്നത് സംബന്ധിച്ച ചില സൂചനകള്‍ റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.