കോഴിക്കോട് 3 കൊവിഡ് രോഗികള്‍,രോഗം സ്ഥിരീകരിച്ചത് ഓമശേരി,പേരാമ്പ്ര,നരിപ്പറ്റ സ്വദേശികള്‍ക്ക്,ഒരാള്‍ വാളയാറില്‍ നിന്നും പാസില്ലാതെ കടന്നുവന്നയാള്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.കുവൈത്തില്‍ നിന്നെത്തിയ ഓമശ്ശേരി (51), പേരാമ്പ്ര (55) സ്വദേശികള്‍, ചെന്നൈയില്‍ നിന്ന് വന്ന നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് പരിശോധനാ ഫലം പോസിറ്റീവ് ആയത്.

ആദ്യത്തെ രണ്ടു പേരും മെയ് 13 ന് കുവൈത്തില്‍ നിന്ന് കരിപ്പൂരില്‍ എത്തിവരാണ്. വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ ഓമശ്ശേരിയില്‍ എത്തിച്ച് അവിടെ കോവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. ഓമശ്ശേരി സ്വദേശി (51) ക്ക് 14-ാം തിയ്യതിയും പേരാമ്പ്ര സ്വദേശി (55) ക്ക് 15-ാം തിയ്യതിയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി നരിപ്പറ്റ സ്വദേശി (43) മെയ് 9 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് 10 ന് രാവിലെ വാളയാറില്‍ എത്തുകയും പാസില്ലാത്തതിനാല്‍ അവിടെ വൈകുന്നേരം വരെ തങ്ങുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സജ്ജമാക്കിയ വാഹനത്തില്‍ പുറപ്പെട്ട് മെയ് 11 ന് രാവിലെ 10.30 ന് നരിപ്പറ്റയിലെത്തി വീട്ടില്‍ നീരീക്ഷണത്തിലായിരുന്നു. 13 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News